രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം : ഡല്‍ഹിയിലെ നാടകത്തെക്കുറിച്ച് അറിയില്ല ; മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

രാഹുല്‍ പോരാട്ടം നയിക്കുന്നത് ബിജെപിക്കെതിരെയാണ്. അമേഠിയില്‍ ബിജെപിയാണ് മുഖ്യ എതിരാളി
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം : ഡല്‍ഹിയിലെ നാടകത്തെക്കുറിച്ച് അറിയില്ല ; മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നത് തടയാന്‍ ഡല്‍ഹിയില്‍ ചിലര്‍ നാടകം കളിക്കുന്നു എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെതള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേപ്പറ്റി തനിക്ക് അറിയില്ല. മുല്ലപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

രാഹുല്‍ഗാന്ധിയെ പോലുള്ള ശക്തനായ നേതാവ് ദക്ഷിണേന്ത്യയില്‍ മല്‍സരിച്ചാല്‍ മതേതര ശക്തികള്‍ക്ക് വന്‍ പിന്തുണ കിട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം കേരളത്തില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹം ഇതുവരെ മല്‍സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ. അല്‍പ്പം കൂടി കാത്തിരിക്കാം. പോസ്റ്റീവായ മറുപടി ഉണ്ടാകുമെന്നാണ് ഇപ്പോഴും തന്റെ പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

രാഹുല്‍ഗാന്ധി കേരളത്തില്‍ മല്‍സരിക്കേണ്ടതില്ലെന്നുള്ള എന്‍സിപിയുടെ അഭിപ്രായം കണ്ടിരുന്നു. അവര്‍ അഭിപ്രായം പറഞ്ഞാലും, തീരുമാനം എടുക്കേണ്ടത് രാഹുല്‍ഗാന്ധിയും ഹൈക്കമാന്‍ഡുമാണെന്നും ചെന്നിത്തല പറഞ്ഞു. 

രാഹുല്‍ പോരാട്ടം നയിക്കുന്നത് ബിജെപിക്കെതിരെയാണ്. അമേഠിയില്‍ ബിജെപിയാണ് മുഖ്യ എതിരാളി. അവിടെ നല്ല ഭൂരിപക്ഷത്തില്‍ രാഹുല്‍ഗാന്ധി വിജയിക്കും. അതേസമയം തന്നെ ദേശീയ നേതാക്കള്‍ മുമ്പും രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയും സോണിയാഗാന്ധിയും വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ജനവിധി തേടിയിട്ടുണ്ട്. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാന്തതിന്റെ അടിസ്ഥാനത്തിലാണ്. കെ കരുണാകരന്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചിട്ടുള്ള കാര്യവും രമേശ് ചെന്നിത്തല എടുത്തുപറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com