കനത്ത ചൂട് രണ്ട് ദിവസം കൂടി തുടരും , സൂര്യാഘാത മുന്നറിയിപ്പ് ;  വയനാട് ഒഴികെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2019 07:57 AM  |  

Last Updated: 31st March 2019 07:57 AM  |   A+A-   |  

 

 തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് രണ്ട് ദിവസക്കേത്ത് കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശരാശരി താപനിലയില്‍ നിന്നും രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ മാറ്റമുണ്ടായേക്കാം. വയനാട് ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്നലെ മാത്രം 93 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റത്. വരുന്ന ദിവസങ്ങളില്‍ സൂര്യാഘാതത്തിനുള്ള സാധ്യത തള്ളിക്കളയേണ്ടെന്നും പരമാവധി ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 

പാലക്കാടാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 39.1 ഡിഗ്രിസെല്‍ഷ്യസ്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രിയിലും താപനില 27 ഡിഗ്രിക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലയില്‍ താപനില ഇന്നലെ മാത്രം ശരാശരിയില്‍ നിന്ന് 3.2 ഡിഗ്രി ഉയര്‍ന്നതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വെളിപ്പെടുത്തി.