''കുടുംബ 'ഭദ്രതയ്ക്ക് ' വേണ്ടി ഇവർ പെൺ ബലി നടത്തും, 'ഭദ്രത ' പ്രധാനമല്ലേ? ''

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2019 11:28 AM  |  

Last Updated: 31st March 2019 11:29 AM  |   A+A-   |  

saradakkuttycgfhfh

 

തൊടുപുഴയിൽ ഏഴുവയസ്സുകാരനെ അതിക്രൂരമായ പീഡനത്തിനിരയാക്കി മൃതപ്രായനാക്കിയ വാർത്ത കേരള മനസ്സാക്ഷിയെ ഏറെ ഞെട്ടിപ്പിച്ചതാണ്. ഇതിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നുവെന്ന വാർത്തയും വന്നിരിക്കുന്നു. വിശന്ന് വലഞ്ഞ യുവതിക്ക് പലപ്പോഴും അരി കുതിര്‍ത്ത് നല്‍കുകയും പഞ്ചസാര വെള്ളം കൊടുക്കുകയും മാത്രമാണ് ചെയ്തതെന്ന്, പിടിയിലായ ഭർത്താവ് ചന്തുലാൽ പൊലീസിനോട് സമ്മതിച്ചിരുന്നു. ഈ സംഭവങ്ങളിൽ രോഷം പ്രകടിപ്പിച്ച് ശാരദക്കുട്ടി രം​ഗത്തെത്തി. 

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

"അന്നു രാത്രി ഊണു കഴിഞ്ഞ് കിടക്കുന്നതിനു മുൻപ് പിള്ളാരെ വളർത്തേണ്ട രീതിയെപ്പറ്റി അവിടെയുള്ള പിതാക്കന്മാരോടു ഞാൻ സംസാരിച്ചു. തളളമാർക്ക് ശരിക്കു ചോറു കൊടുക്കേണ്ട കാര്യത്തെക്കുറിച്ചും സംസാരിച്ചു." ( വൈക്കം മുഹമ്മദ് ബഷീർ )

ചോറും നല്ല കറികളുമെല്ലാം ആണുങ്ങൾക്കു കൊടുത്തിട്ട് ഉണക്കുകപ്പ പൊടിച്ച് പുട്ടുണ്ടാക്കി അതും തേയില തിളപ്പിച്ച വെള്ളവും കുടിക്കുന്ന പെണ്ണുങ്ങൾ ബഷീറെഴുതിയ പോലെ ഇന്നും പല ഭർതൃ വീടുകളിലുമുണ്ട്. പെറ്റു കിടക്കുന്ന തള്ളയാട് നേന്ത്രപ്പഴം കട്ടു തിന്നപ്പോൾ പാത്തുമ്മാ പറഞ്ഞത്, ' പോട്ടെ ഇക്കാക്കാ, അതിനു വെശന്നിട്ടാ, ഞാൻ വേറെ രണ്ടെണ്ണം വാങ്ങിത്തരാം' എന്നാണ്.

ഇന്നലെ മരിച്ച സ്ത്രീക്ക് അതു പോലുമുണ്ടായിരുന്നില്ല. 20kg !!!!വായിൽ തിരുകിയ തുണികൾ അവരുടെ അലർച്ച പുറത്തേക്കു കൊണ്ടുവരികയില്ല. പുറത്തേക്കു വന്നാലും അന്യവീടുകളിലെ പ്രശ്നങ്ങളിൽ പഴയതുപോലെ സമൂഹം ഇടപെടുകയില്ല. എല്ലാം ഓരോ വ്യത്യസ്ത യൂണിറ്റാണ്. ചെന്നു കയറി ഇടപെടാൻ പാടില്ലാത്ത വിധം അടച്ചത്.

അധികാരിയുടെ ഉടൽ ഭർത്താവിൽ നിന്ന് അയാളുടെ അമ്മയിലേക്കും നീളുന്നു. ആണാവുക മാത്രമല്ല, ആണിന്റെ അമ്മയാകുന്നതും ഒരധികാരമാണ്, അവകാശമാണ്.വീട്ടിലേക്കു വന്നു കയറുന്ന പെൺകുട്ടിയുടെ ജീവിതമൊന്നും അവരുടെ അജണ്ടയിലില്ല. ആൺകോയ്മയുടെ യുക്തികളെ അവർ ലളിതമായി സംരക്ഷിക്കും. പാലങ്ങളുറപ്പിക്കാൻ നരബലി നടത്തുന്നതു പോലെ കുടുംബ 'ഭദ്രതയ്ക്ക് ' വേണ്ടി ഇവർ പെൺ ബലി നടത്തും. 'ഭദ്രത ' പ്രധാനമല്ലേ? അതിനാൽ അടങ്ങിയൊതുങ്ങിക്കഴിയാൻ ഇനിയും പെൺകുട്ടികളോടു നാം പറഞ്ഞു കൊണ്ടേയിരിക്കും.

എസ്.ശാരദക്കുട്ടി
31.3.2019