കേരളത്തില്‍ യുഡിഎഫ് ചിത്രം വ്യക്തമായി; വടകരയില്‍ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2019 07:28 PM  |  

Last Updated: 31st March 2019 07:36 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥിപ്പട്ടിക യുഡിഎഫ് ഔദ്യോഗികമായി പൂര്‍ത്തിയാക്കി. വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫ് ചിത്രം വ്യക്തമായത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി രാവിലെയാണ് പ്രഖ്യാപിച്ചത്. പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.ഇതിന് പിന്നാലെ പുറത്തുവിട്ട പട്ടികയിലാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ പേരും പുറത്തുവന്നത്.ജമ്മുകശ്മീരിലെ അനന്ത്‌നാഗിലെ സ്ഥാനാര്‍ത്ഥിയൊടൊപ്പമാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ പേരും പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ് വടകരയിലെ സ്ഥാനാര്‍ത്ഥി.

വടകരയിലെ സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ നേരത്തെ തന്നെ കോണ്‍ഗ്രസ് കേരളഘടകം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്ത്വങ്ങള്‍ക്ക് ഒടുവിലാണ് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.അതേസമയം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കെ മുരളീധരന്‍ പ്രചാരണം ദിവസങ്ങള്‍ക്ക് മുന്‍പെ
ആരംഭിച്ചിരുന്നു.

വയനാട്ടില്‍ സിദ്ദിഖിനെയാണ് കേരളഘടകം ആദ്യം പരിഗണിച്ചിരുന്നത്. തുടര്‍ന്ന് സിദ്ദിഖ് പ്രചാരണവും ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം കേരളഘടകം കേന്ദ്രത്തിന്റെ മുന്‍പാകെ വച്ചത്. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്ത്വത്തിന് ഒടുവിലാണ് ഇന്ന് രാവിലെ രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനം വന്നത്.