കേളകത്തുള്ള പൈലിക്ക് എതിരെ മത്സരിക്കാനാണോ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് വരുന്നത്?; കോടിയേരി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st March 2019 01:11 PM  |  

Last Updated: 31st March 2019 01:11 PM  |   A+A-   |  

 

തിരുവനന്തപുരം: കോണ്‍ഗ്രസ് ഇപ്പോള്‍ മുഖ്യവിപത്തായി കാണുന്നത് ബിജെപിയല്ല ഇടതുപക്ഷത്തെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ വന്ന് ഇടതുപക്ഷത്തിന് എതിരായി മത്സരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആകെ കിട്ടിയത് രണ്ട് സീറ്റാണ്. അതുപോലും കിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സന്ദേശം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

വയനാട്ടില്‍ ബിഡിജെഎസിനാണ് എന്‍ഡിഎയിലെ സീറ്റ്. കേളകത്തിലുള്ള പൈലിക്ക് എതിരെ മത്സരിക്കാനാണോ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുന്നത്. പൈലിയാണോ രാഹുല്‍ ഗാന്ധിയുടെ മുഖ്യശത്രുവെന്ന് കോടിയേരി പരിഹസിച്ചു. 

ഭാവിയില്‍ ഇവിടെ രൂപംകൊള്ളാന്‍ പോകുന്ന മതനിരപേക്ഷ സംവിധാനത്തിന് അകത്ത് കോണ്‍ഗ്രസ് പാര്‍ട്ടി പ്രധാന പങ്കാളിയാകാന്‍ പോകുന്നില്ല, ഒരു ജൂനിയര്‍ പങ്കാളിയായിരിക്കും എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ദേശീയതലത്തില്‍ സാധ്യതയില്ലാതെ വന്നപ്പോഴാണ് വയനാട്ടിലേക്ക് വന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം എവിടെ രാഹുല്‍ മത്സരിച്ചാലും അതിനെ നേരിടാന്‍ തയ്യാറായിട്ടാണ് കേരളത്തിലെ ഇടതുപക്ഷം നില്‍ക്കുന്നത്. 

കഴിഞ്ഞ പ്രാവശ്യം ഇടതു സ്ഥാനാര്‍ത്ഥി തോറ്റത് 21,000 വോട്ടിനാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലോക്‌സഭ മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളില്‍ 19,000വോട്ടിന് മാത്രമാണ് എല്‍ഡിഎഫ് പിറകില്‍ നില്‍ക്കുന്നത്. അവിടെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കാനിറങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു.