രാഹുലിനെതിരെ സുരേഷ് ഗോപി ?;  വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മാറുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2019 11:59 AM  |  

Last Updated: 31st March 2019 11:59 AM  |   A+A-   |  

 

തൃശൂര്‍ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മാറുമെന്ന് സൂചന. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സൂചിപ്പിച്ചു. ബിജെപി കേന്ദ്രനേതൃത്വവുമായി ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യും. താന്‍ തൃശൂരില്‍ തന്നെ മല്‍സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വരുമെന്ന സൂചന വന്നതോടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിഡിജെഎസ് തീരുമാനം നീട്ടിയിരുന്നു. ഒടുവില്‍ ബിജെപി ശക്തമായ പ്രതിഷേധം അറിയിച്ചതോടെയാണ് വയനാട്ടില്‍ പൈലി വാത്യാട്ടിനെ ബിഡിജെഎസ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 

പൈലി വാത്യാട്ടിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വേളയില്‍ തന്നെ, വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിച്ചാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മാറുമെന്ന് സൂചന നല്‍കിയിരുന്നു. രാഹുലിനെതിരെ ബിജെപി നേതാവ് തന്നെ മല്‍സര രംഗത്തിറങ്ങുമെന്നാണ് സൂചന. താര പോരാട്ടം ലക്ഷ്യമിട്ട് സുരേഷ് ഗോപി എംപിയെ മല്‍സരിപ്പിക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്രനേതാക്കളെ അണിനിരത്താനും ബിജെപി ആലോചിക്കുന്നുണ്ട്.