സാംസ്‌കാരിക നായകന്മാര്‍ വെറും വടക്കുനോക്കി യന്ത്രങ്ങള്‍; കണ്ണടയ്ക്കുന്നത് 40 ലക്ഷത്തിന്റെ അവാര്‍ഡ് തുക കണ്ണുവെച്ചെന്ന് രാധാകൃഷ്ണന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2019 03:39 PM |
Last Updated: 31st March 2019 03:39 PM | A+A A- |

ആലപ്പുഴ: സാംസ്‌കാരിക നായകന്മാര്‍ വെറും വടക്കുനോക്കി യന്ത്രങ്ങളാണെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍. ഒരുവര്‍ഷം ലഭിക്കുന്ന 40 ലക്ഷത്തിന്റെ അവാര്‍ഡ് കണ്ടാണ് ഇവരില്‍ പലരും സ്വന്തം കണ്‍മുന്നില്‍ നടമാടുന്ന തിന്മകളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നമ്മുടെ സാംസ്‌കാരിക നായകന്മാര്‍ പലരും വടക്കുനോക്കി യന്ത്രങ്ങളാണ്. ഉത്തരഭാരതത്തില്‍ നടക്കുന്ന തിന്മകളോട് കയര്‍ക്കുന്ന ഇവരില്‍ പലരും സ്വന്തം കണ്‍മുന്നില്‍ നടമാടുന്ന തിന്മകളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്നു. മൗനം പാലിക്കുന്നു. ഈ മനശാസ്ത്രം എന്തുകൊണ്ടാണെന്നും കെ.എസ് രാധാകൃഷ്ണന്‍ ചോദിക്കുന്നു.
'മൗനം ലാഭകരം എന്നത് മാത്രമാണ് ഇതിനുത്തരം. ഗ്രന്ഥശാല സംഘം വഴി സ്വന്തം പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നു. അവ പാഠപുസ്തകങ്ങളാകുന്നു. അവാര്‍ഡുകളുടെ നിയന്ത്രണം എപ്പോഴും ഇടതുപക്ഷത്തിനാണ്. പ്രതിവര്‍ഷം 40 ലക്ഷം രൂപയുടെ അവാര്‍ഡുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇടതുമുന്നണിക്ക് ഭരണമില്ലെങ്കിലും ഇവയൊക്കെ നിയന്ത്രിക്കുന്നത് ഇടതുപക്ഷം തന്നെയായിരിക്കും'-രാധാകൃഷ്ണന്‍ പറയുന്നു.
'പാര്‍ട്ടി ഓഫീസുകള്‍ സ്ത്രീപീഡന കേന്ദ്രങ്ങളായി മാറിയിട്ടും സാംസ്‌കാരിക നായകന്മാര്‍ പ്രതികരിക്കുന്നില്ല. മൗനം സമ്മതം. അവരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്കാരല്ലാത്തവര്‍ പീഡിപ്പിച്ചാലാണ് പീഡനമാവുക'-രാധാകൃഷ്ണന്‍ വിമര്‍ശിക്കുന്നു.