പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍  പ്രാദേശിക പാര്‍ട്ടിയാകുമെന്ന് മുല്ലപ്പള്ളി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st March 2019 04:23 PM  |  

Last Updated: 31st March 2019 04:23 PM  |   A+A-   |  

 

തിരുവനന്തപുരം: സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 2019ലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎം പ്രാദേശിക കക്ഷിയായി മാറുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു. ഫാസിസത്തിന് എതിരായ ഇടത് പാര്‍ട്ടികളുടെ പോരാട്ടം ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം. സിപിഎം ഇതിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നത് എല്‍ഡിഎഫിനെതിരെ ആണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഫലത്തില്‍ ഇത് ഇടതുപക്ഷത്തിനെതിരായ മത്സരമാണ്.ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടത്പക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. ആത്മവിശ്വാസത്തോടെ പോരാടുമെന്നും പിണറായി പറഞ്ഞു.

ബിജെപിക്കെതിരെയുള്ള പോരാട്ടമാണെങ്കില്‍ മത്സരിക്കേണ്ടത് ബിജെപിയുമായാണ്. കേരളത്തില്‍ വന്ന് സിംബോളിക്കായാണ് മത്സരം എന്നൊക്കെ പറയുന്നത് ശരിയല്ല. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിക്ക് എതിരായെന്ന് ആര് പറയും? കേരളത്തില്‍ സിംബോളിക്കായി മത്സരിക്കാന്‍ വരുന്നെന്ന് പറയുമ്പോള്‍ ഇടത് പക്ഷത്തിനെതിരെയായി മാത്രമേ കാണാന്‍ കഴിയൂ. രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.