മൊറട്ടോറിയം; അന്തിമ തീരുമാനത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് വിട്ടു

സംസ്ഥാനത്തെ കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു വിട്ടു
മൊറട്ടോറിയം; അന്തിമ തീരുമാനത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് വിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു വിട്ടു. ഇതു സംബന്ധിച്ച ഫയൽ ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ തെരഞ്ഞെടുപ്പു കമ്മീഷന് അയച്ചു. സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനം എടുക്കണമെന്ന സിഇഒയുടെ ശുപാർശ സഹിതമാണ് ഫയൽ അയച്ചത്. 

പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചാൽ മൊറട്ടോറിയം നീട്ടി സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാം. കർഷകർക്കുള്ള വ്യക്തിപരമായ ആനുകൂല്യമെന്നതിന്റെ പേരിൽ അനുമതി നിഷേധിക്കാനും കമ്മീഷന് അധികാരമുണ്ട്. ഉത്തരവിന്റെ ആവശ്യകത സർക്കാർ നന്നായി വിശദീകരിച്ചിട്ടുണ്ടെന്നും അതു തൃപ്തികരമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ഇക്കാര്യത്തിൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റേതാണ് അന്തിമ തീരുമാനം.

കർഷക ആത്മഹത്യകൾ കൂടുകയും മറ്റും ചെയ്ത സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് കഴിഞ്ഞ അഞ്ചിനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ ഭരണ തലത്തിലെ ആശയക്കുഴപ്പം മൂലം മൊറട്ടോറിയം ഉത്തരവിറക്കുന്നതു വൈകി. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഉത്തരവ് ഇറക്കാനുമായില്ല. പാക്കേജിലെ മറ്റു തീരുമാനങ്ങൾ ഇതിനോടകം ഉത്തരവായി ഇറക്കിയിരുന്നു.

മൊറട്ടോറിയം നീട്ടുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടണമെന്ന റവന്യൂ മന്ത്രിയുടെ നിർദേശം തള്ളിയതിന്റെ പേരിൽ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കു വിമർശനം നേരിടേണ്ടി വന്നിരുന്നു. തുടർന്നു ഫയൽ സിഇഒയ്ക്ക് അയച്ചുവെങ്കിലും മൊറട്ടോറിയം നിലവിലുണ്ടായിരിക്കെ ഉത്തരവിറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം വ്യക്തമാക്കാത്തതിനാൽ അതു തിരിച്ചയച്ചു. തുടർന്നു കൃഷി വകുപ്പുമായി കൂടിയാലോചിച്ചു റവന്യൂ വകുപ്പു തയാറാക്കിയ വിശദീകരണം സഹിതമാണു വീണ്ടും ഫയൽ സിഇഒയ്ക്ക് അയച്ചത്. 

കർഷകരുടെ ദുരിതവും ദയനീയാവസ്ഥയും പരിഗണിച്ചു മന്ത്രിസഭ എടുത്തതാണു മൊറട്ടോറിയം നീട്ടാനു‌ള്ള തീരുമാനം എന്നാണു സർക്കാർ വിശദീകരണം. കർഷക മരണങ്ങളും മറ്റും മുൻകൂട്ടി കാണാവുന്നതല്ല. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുംമുൻപ് ഉത്തരവ് ഇറക്കിയില്ലെന്നതിൽ കാര്യമില്ല. 2018 ഒക്ടോബറിൽ ഇറക്കിയ ഉത്തരവ് അനുസരിച്ചു ജപ്തി നടപടികൾക്ക് അടുത്ത ഒക്ടോബർ 11വരെ മൊറട്ടോറിയം നിലവിലുണ്ട്. അതു നീട്ടുന്നതിനുള്ള തീരുമാനമാണു മന്ത്രിസഭ എടുത്തത്. 

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതു റവന്യൂ വകുപ്പിൽ എത്തിയപ്പോൾ 2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്താൽ പോരേയെന്ന തോന്നൽ ഉണ്ടായി. ഇതു സദുദ്ദേശ്യത്തിൽ ചെയ്തതാണ്. ഇക്കാര്യത്തിൽ മനഃപൂർവമായ കാലതാമസം ഉണ്ടായിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com