വാ പൊത്തിപ്പിടിച്ച് ഇരുമ്പ് വടി കൊണ്ട് തല്ലും,  സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും ; കുട്ടികൾക്ക് നേരെ ക്രൂരപീഡനം  അരുണിന്റെ വിനോദം

യുവതിയെ വീട്ടിൽ വച്ചും വഴിയിൽ വച്ചും അരുൺ മർദിക്കുന്നതിനു പലരും സാക്ഷികളാണ്
വാ പൊത്തിപ്പിടിച്ച് ഇരുമ്പ് വടി കൊണ്ട് തല്ലും,  സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും ; കുട്ടികൾക്ക് നേരെ ക്രൂരപീഡനം  അരുണിന്റെ വിനോദം

കൊച്ചി : തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതി അരുൺ കുട്ടികളെ അതിക്രൂരമായാണ് പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ്. രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും ഇയാളുടെ വിനോദമായിരുന്നുവെന്നു പൊലീസ് പറയുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാൻ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്കൽ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. മൂത്ത കുട്ടിക്കായിരുന്നു കൂടുതൽ മർദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതൽ സമനില തെറ്റുമ്പോൾ ഇളയ കുട്ടിയെയും മർദിക്കും. യുവതി തടയാൻ ശ്രമിച്ചാൽ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാൽ പുലർച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണ് കാർ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുൻപു മങ്ങാട്ടുകവലയിലെ തട്ടുകടയിൽ യുവതിക്കും കുട്ടികൾക്കുമൊപ്പം ഇയാൾ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെയാണ് ഇയാൾ സ്ഥലം വിട്ടത്.

യുവതിയെ വീട്ടിൽ വച്ചും വഴിയിൽ വച്ചും അരുൺ മർദിക്കുന്നതിനു പലരും സാക്ഷികളാണ്. കുട്ടികളെ അനാഥാലയത്തിലോ ബോർഡിങ്ങിലോ ആക്കണമെന്നു അരുൺ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു.സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെ തുടർന്ന് അരുണിന് ബാങ്കിൽ ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞ് ജോലി കളഞ്ഞു. പിന്നെ കുപ്രസിദ്ധ ഗുണ്ടയുമായി ചേർന്നു മണൽ കടത്ത് തുടങ്ങി. ലഹരിമരുന്ന് ഇടപാടുകളിലും പങ്കാളിയായി. ‘കോബ്ര’ എന്നായിരുന്നു സംഘത്തിനിടയിൽ അരുണിന്റെ വിളിപ്പേര്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. കൊലക്കേസ് ഉൾപ്പെടെ ഏഴ് കേസുകളിലെ പ്രതിയാണ് ഇയാൾ. മറ്റു ജില്ലകളിൽ കേസുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com