സിപിഐ നേതാവ് അടക്കം രണ്ടുപേർ ബിജെപിയിൽ ; ഇനിയും വരുമെന്ന് ശ്രീധരന്‍പിള്ള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2019 05:23 PM  |  

Last Updated: 31st March 2019 05:23 PM  |   A+A-   |  

 

തിരുവനന്തപുരം : കോൺ​ഗ്രസിലേയും സിപിഐയിലേയും രണ്ട് നേതാക്കൾ ബിജെപിയിൽ ചേർന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള. വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്. ഇവർക്ക് പിന്നാലെ ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കുന്നത്തൂര്‍ വിശാലാക്ഷിയും സിപിഐയുടെ കിസാന്‍സഭ കൊല്ലം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയുമായ രാജീവ് രാജധാനിയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.  കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നിലംപരിശാകുന്നുവെന്നതിന്‍റെ സൂചനയാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.  

രാഹുൽ​ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതിനെയും ശ്രീധരൻപിള്ള വിമർശിച്ചു. മുസ്‌ലിം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് മത്സരിക്കേണ്ടിവരുന്നത് അമേഠിയില്‍ പരാജയം ഉറപ്പായതിനാലാണ്. ഗത്യന്തരമില്ലാതെ മുസ്‌ലിം ലീഗിന്റെ ബലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ മകന് പാര്‍ലമെന്റിലേക്ക് ജയിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.