'ഇനിയും ഇത് തുടര്‍ന്നാല്‍ വഴിനടത്തില്ല'; പി.വി അന്‍വറിന് എതിരേ എഐവൈഎഫ്; കോലം കത്തിച്ചു

നിരുത്തരവാദപരമായ അഭിപ്രായപ്രകടനം തുടര്‍ന്നാല്‍ അന്‍വറിനെ തെരുവില്‍ തടയേണ്ടിവരുമെന്നും എഐവൈഎഫ് മുന്നറിയിപ്പ് നല്‍കി
'ഇനിയും ഇത് തുടര്‍ന്നാല്‍ വഴിനടത്തില്ല'; പി.വി അന്‍വറിന് എതിരേ എഐവൈഎഫ്; കോലം കത്തിച്ചു

പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെതിരേ സിപിഐ, എഐവൈഎഫ് രംഗത്ത്. സിപിഐക്കെതിരേയുള്ള സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്. പാര്‍ട്ടിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നുവെന്നാരോപിച്ച് പി വി അന്‍വറിനെതിരെ സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കി. മലപ്പുറം ജില്ലാ നേതൃത്വം സ്ഥാനാര്‍ത്ഥിക്കെതിരേ പ്രകടനം നടത്തി. അന്‍വറിന് കൊലവും പ്രവര്‍ത്തകര്‍ കത്തിച്ചു. 

നിരുത്തരവാദപരമായ അഭിപ്രായപ്രകടനം തുടര്‍ന്നാല്‍ അന്‍വറിനെ തെരുവില്‍ തടയേണ്ടിവരുമെന്നും എഐവൈഎഫ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്ന പ്രസ്താവനകളിലൂടെ അന്‍വറിന്റെ ഇടതുപക്ഷമനസ്സ് നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാകുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. സമദ് പറഞ്ഞു. മഞ്ഞളാംകുഴി എംഎല്‍എയുടെ വഴിതേടാന്‍ അന്‍വര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇടതുപക്ഷത്തെ അതിന്റെ ചവിട്ടുപടിയാക്കാന്‍ ഉദ്ദേശിക്കേണ്ട ആവശ്യമില്ലെന്നും സമദ് പറഞ്ഞു. എഐവൈഎഫ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകരും അന്‍വറിന്റെ കോലം കത്തിച്ചു. 

സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്നും തന്നെ ദ്രോഹിക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ ആരോപിച്ചു. അതിന് പിന്നാലെയാണ് പ്രതിഷേധവുമായി എഐവൈഎഫ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com