വൈദികനില്‍ നിന്ന് പിടിച്ചെടുത്ത പണം അമേരിക്കയിലുള്ള കാമുകിക്ക് നല്‍കിയെന്ന് പൊലീസുകാരന്‍ ; ഹോംസ്‌റ്റേയിലെ ഫോണ്‍വിളി വിനയായി ; മൂന്നാമനും പിടിയില്‍

ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയെ തുടര്‍ന്ന് കൊച്ചിയില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതാണ് പൊലീസുകാര്‍ക്ക് വിനയായത്
വൈദികനില്‍ നിന്ന് പിടിച്ചെടുത്ത പണം അമേരിക്കയിലുള്ള കാമുകിക്ക് നല്‍കിയെന്ന് പൊലീസുകാരന്‍ ; ഹോംസ്‌റ്റേയിലെ ഫോണ്‍വിളി വിനയായി ; മൂന്നാമനും പിടിയില്‍

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികനില്‍ പിടിച്ചെടുത്ത പണത്തിൽ നിന്നും ആറുകോടിയോളം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ നാലുകോടി രൂപ അമേരിക്കയിലുള്ള കാമുകിക്ക് കൈമാറി. 1.75 കോടി രൂപ പാരീസിലുള്ള സുഹൃത്തിനും കൈമാറിയെന്ന് എഎസ്‌ഐ രാജ്പ്രീത് സിങ് പൊലീസിനോട് വെളിപ്പെടുത്തി. നേപ്പാളില്‍ നിന്നാണ് പണം അയച്ചതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. 

തട്ടിപ്പിന് കൂട്ടുനിന്ന മൂന്നാമനും ജലന്തറില്‍ പിടിയിലായി. ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയെ തുടര്‍ന്ന് കൊച്ചിയില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതാണ് അറസ്റ്റിലായ പൊലീസുകാര്‍ക്ക് വിനയായത്. ഹോംസ്‌റ്റേകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു.

ഹോംസ്‌റ്റേയില്‍ വെച്ച് പൊലീസുകാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതും വിനയായി. പൊലീസ് പിടികൂടിയ പണം തട്ടിയ കേസില്‍ സസ്‌പെന്‍ഷനിലായ പട്യാല സ്വദേശികളായ ജോഗീന്ദര്‍ സിങ്, രാജ്പ്രീത് സിങ് എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. അസ്വാഭാവികമായ സാഹചര്യത്തില്‍ 2 പേര്‍ വ്യാജപ്പേരും രേഖകളും നല്‍കി ഹോട്ടലില്‍ തങ്ങുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടല്‍ പരിശോധിച്ച് 2 പേരെ കസ്റ്റഡിയിലെടുത്തത്. ്

ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയായ ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 16.55 കോടി രൂപ പഞ്ചാബ് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇന്‍കംടാക്‌സ് വകുപ്പിന് 9.66 കോടി രൂപ മാത്രമാണ് കൈമാറിയത്. പിടിച്ചെടുത്ത പണത്തില്‍ ആറുകോടി നഷ്ടപ്പെട്ടതായി വൈദികര്‍ പൊലീസിന് പരാതി നല്‍കി.

ഇതേത്തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പണത്തില്‍ തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും ഒളിവില്‍ പോകുകയായിരുന്നു. പഞ്ചാബ് പൊലീസിനു വിവരം കൈമാറിയപ്പോള്‍, അന്വേഷണത്തെ തുടര്‍ന്ന് ഇവര്‍ ഒളിവിലാണെന്ന സന്ദേശം ലഭിച്ചു. തുടര്‍ന്നു കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ അയച്ചാണ് പേരും വിലാസവും സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com