ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഭരണച്ചുമതല ഒഴിഞ്ഞു ; കാതോലിക്കാ പദവിയില്‍ തുടരും

മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഭരണച്ചുമതല ഒഴിഞ്ഞു ; കാതോലിക്കാ പദവിയില്‍ തുടരും

കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം, തോമസ് പ്രഥമന്‍ ബാവാ കാതോലിക്കാ പദവിയില്‍ തുടരും. സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍. സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ശ്രേഷ്ഠ ബാവ രാജിക്കത്ത് നല്‍കിയത്.
സ്ഥാനത്യാഗത്തിനു തയാറെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ നേരത്തെ പാത്രിയര്‍ക്കീസിനെ അറിയിച്ചിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി തുടരാമെന്നും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച കത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരുന്നു.

സഭയിലെ ആഭ്യന്തരകലഹമായിരുന്നു രാജിക്കൊരുങ്ങിയതിന് പിന്നിലെ കാരണം. സഭയില്‍ അധികാരത്തിലെത്തിയ പുതിയ ഭരണസമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകള്‍ പ്രചരിപ്പിക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയില്‍ എന്നിവര്‍ ഏപ്രില്‍ 26നു പുറത്തുവിട്ട കത്തുതന്നെ അതിനു തെളിവാണ്. അങ്ങേയറ്റം പ്രതികാരേച്ഛയില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചള്ള കത്ത് തീവ്രമായ വേദനയുളവാക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com