തൃക്കരിപ്പൂരിൽ കള്ള വോട്ട് ചെയ്തയാൾക്കെതിരെ കേസെടുക്കാൻ നിർദേശം; പോളിങ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂർ 48ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്ത ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി
തൃക്കരിപ്പൂരിൽ കള്ള വോട്ട് ചെയ്തയാൾക്കെതിരെ കേസെടുക്കാൻ നിർദേശം; പോളിങ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂർ 48ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്ത ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. സംഭവത്തില്‍ കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം തുടർ നടപടികൾക്കായി റിപ്പോർട്ട് നൽകാനും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്യാംകുമാർ കള്ള വോട്ട് ചെയ്തെന്ന് നേരത്തെ കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 171ാം വകുപ്പ് പ്രകാരം പൊലീസിന് പരാതി നല്‍കി കേസെടുപ്പിക്കാനാണ് നിര്‍ദേശം. 

കലക്ടറുടെ റിപ്പോർട്ട് പ്രകാരം ശ്യാംകുമാർ വൈകിട്ട് 6.20നും 7.26 നുമായി രണ്ട് തവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഇയാൾ കള്ള വോട്ട് ചെയ്തതായി പ്രഥമദൃഷ്ട്യാ നിഗമനത്തിൽ എത്താമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബൂത്തിലെ തിരക്ക് കാരണം വോട്ടിങ് വേ​ഗത്തിലാക്കാൻ അധികമായി നിയോഗിച്ചിരുന്ന ഫസ്റ്റ് പോളിങ് ഓഫീസറുടെ മുന്നിലാണ് ശ്യാംകുമാർ രണ്ട് തവണയും മഷി പുരട്ടിയത്. എല്ലാ സമയത്തും നാലോ അഞ്ചോ പോളിങ് ഏജൻറുമാർ ഈ പോളിങ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നെങ്കിലും ആരും ഈ സംഭവം എതിർത്തില്ലെന്നും കലക്ടറുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തൃക്കരിപ്പൂരിലെ കള്ള വോട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചത്. ഇതനുസരിച്ച് കലക്ടർ പോളിങ് ഉദ്യോഗസ്ഥർ, അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദൃശ്യങ്ങളിൽ കണ്ടയാൾ ശ്യാംകുമാർ എന്നയാളാണെന്ന് ബൂത്ത് ലെവൽ ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളിൽ നിന്ന് പിന്നീട് മൊഴിയെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com