പത്തനംതിട്ടയില്‍ ബിജെപി പ്രതീക്ഷ കൈവിട്ടോ? ചര്‍ച്ചയായി കെ സുരേന്ദ്രന്റെ കുറിപ്പ്

പത്തനംതിട്ടയില്‍ ബിജെപി പ്രതീക്ഷ കൈവിട്ടോ? ചര്‍ച്ചയായി കെ സുരേന്ദ്രന്റെ കുറിപ്പ്
പത്തനംതിട്ടയില്‍ ബിജെപി പ്രതീക്ഷ കൈവിട്ടോ? ചര്‍ച്ചയായി കെ സുരേന്ദ്രന്റെ കുറിപ്പ്


കൊച്ചി: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പു പ്രചാരണ അനുഭവങ്ങള്‍ വിവരിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും പുതിയ ചര്‍ച്ച. പത്തനംതിട്ടയില്‍ ബിജെപി വിജയ പ്രതീക്ഷ കൈവെടിഞ്ഞെന്ന വ്യാഖ്യാനമാണ് പാര്‍ട്ടി അനുഭാവികള്‍ പോലും സുരേന്ദ്രന്റെ കുറിപ്പിനു നല്‍കുന്നത്.

സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ ''യഥാര്‍ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ അന്തിമ ഫലമാവണമെന്നു നിര്‍ബന്ധമില്ല'', ''വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ'' തുടങ്ങിയ പരാമര്‍ശങ്ങളാണ് ആശയക്കുഴപ്പത്തിനും പുതിയ ചര്‍ച്ചയ്ക്കു വഴിതുറന്നത്. പോസ്റ്റിന് ലഭിക്കുന്ന കമന്റുകളില്‍ നല്ലൊരു പങ്കും ഇത്തരം വ്യാഖ്യാനത്തിലേക്കാണ് സൂചന നല്‍കുന്നത്. സുരേന്ദ്രന്റേത് പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെന്ന മട്ടിലാണ് രാഷ്ട്രീയ എതിരാളികളുടെ കമന്റുകള്‍. 

സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ പത്തനംതിട്ടയെ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തിരുവനന്തപുരമായിരുന്നു ബിജെപിയുടെ 'സ്റ്റാര്‍' മണ്ഡലമെങ്കില്‍ പിന്നീട് അത് പത്തനംതിട്ടയും തൃശൂരും ആവുന്ന കാഴ്ചയാണ് പ്രചാരണത്തില്‍ കണ്ടത്. പത്തനംതിട്ടയില്‍ മുന്‍പില്ലാത്ത വിധത്തിലുള്ള ആവേശത്തോടെയുള്ള പ്രവര്‍ത്തനമാണ് ബിജെപി പുറത്തെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ സുരേന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയില്‍ എത്തിയിരുന്നു. ഇവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സുരേന്ദ്രന്റെ കുറിപ്പ് ആശയക്കുഴത്തിലാക്കിയിരിക്കുന്നത്. 

സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ: 

ജയാപജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ല. വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകള്‍ക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്. ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിര്‍ന്ന പ്രവര്‍ത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ് ഞാന്‍ പത്തനം തിട്ടയില്‍ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ.....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com