ശാന്തിവനത്തിലെ ചെളി കെഎസ്ഇബി നീക്കം ചെയ്യും; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി

എറണാകുളം ശാന്തിവനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനത്തിന്റെ ഭാഗമായി രൂപംകൊണ്ട ചെളിയും മറ്റും കെഎസ്ഇബി സ്വന്തം നിലയ്ക്ക് നീക്കം ചെയ്യും.
ശാന്തിവനത്തിലെ ചെളി കെഎസ്ഇബി നീക്കം ചെയ്യും; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി

കൊച്ചി: എറണാകുളം ശാന്തിവനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനത്തിന്റെ ഭാഗമായി രൂപംകൊണ്ട ചെളിയും മറ്റും കെഎസ്ഇബി സ്വന്തം നിലയ്ക്ക് നീക്കം ചെയ്യും. സമരസമിതിയുമായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കും.ഡോ. വി എസ് വിജയന്‍, പ്രൊഫ. കുസുമം ജോസഫ്, മീന ശാന്തിവനം, ഉത്തര എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍, ശാന്തിവനത്തെ തൊടാതെയുള്ള ലൈന്‍ മാത്രമേ അനുവദിക്കുകയുള്ളു എന്ന് നിലപാടില്‍ സമരസമിതി ഉറച്ചുനിന്നു. 

ചെളി നീക്കുന്നതിന് വനംവകുപ്പ് മേല്‍നോട്ടം വഹിക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം എന്ന് കലക്ടര്‍ സമരസമിതിക്ക് ഉറപ്പുനല്‍കി.  ശാന്തിവനത്തില്‍ നിന്നും പൂര്‍ണ്ണമായും ടവര്‍ ലൈന്‍ വഴിമാറ്റി വിടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. 

ശാന്തിവനത്തില്‍ കെഎസ്ഇബി താത്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് പറഞ്ഞിരുന്നു. ശാന്തിവനം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. 

'വൈപ്പിന്‍, പറവൂര്‍ മേഖലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി ലൈന്‍ വലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, പ്രളയം നല്‍കിയ പാഠങ്ങള്‍ കൂടി ഉള്‍കൊണ്ട് വികസന കാഴ്ചപാടുകള്‍ക്ക് രൂപം നല്‍കാന്‍ കഴിയണം. ഇപ്പോള്‍ മരങ്ങള്‍ മുറിച്ച് ടവര്‍ നിര്‍മ്മാണം നടക്കുകയാണ്. അതിന്റെ ചെളി, ആ വളപ്പിലെ ജൈവ സമ്പത്തിനെ തന്നെ ബാധിക്കുന്ന രൂപത്തില്‍ തള്ളിയിരിക്കുന്നു. അത് ഉടന്‍ തന്നെ മാറ്റേണ്ടതാണ്ടതാണ്' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. കരിമ്പനയും കാട്ടിലഞ്ഞിയും ആറ്റുപേഴുമടക്കം നിരവധി കാട്ടുമരങ്ങള്‍, കൂടാതെ പേര, ചാമ്പ, ചെറി, ആത്ത, നെല്ലിപ്പുളി, മംഗോസ്ടിന്‍, വിവിധയിനം പ്ലാവുകള്‍, മാവുകള്‍ അങ്ങനെ നാട്ടുമരങ്ങള്‍, നൂറുകണക്കിന് ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെ അപൂര്‍വ്വമായ സസ്യ ജീവജാലങ്ങള്‍ രണ്ടേക്കറില്‍ വ്യാപിച്ച് കിടക്കുന്ന ശാന്തി വനത്തിലുണ്ടെന്ന് നിരവധി പരിസ്ഥിതി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മന്നം മുതല്‍ ചെറായി വരെയാണ് കെഎസ്ഇബിയുടെ 110 കെവി വൈദ്യുതി ലൈന്‍ പണികള്‍ നടക്കുന്നത്. ശാന്തിവനത്തന്റെ ഒരു വശത്തുകൂടി നിര്‍മ്മാണം നടത്താനാണ് അനുമതി നല്‍കിയതെന്ന് സ്ഥലമുടമ പറയുന്നു. എന്നാല്‍ അന്‍പതോളം മരങ്ങള്‍ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോള്‍ പണികള്‍ നടക്കുന്നത്.  ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് പൊടുന്നനെ നിശ്ചയിച്ച വഴി മാറ്റി ജൈവവൈവിദ്ധത്തെ തകര്‍ക്കുന്നമട്ടില്‍ ഒത്ത നടുവിലൂടെ നിര്‍മ്മാണം തുടങ്ങുകയായിരുന്നു. ടവര്‍ പോസ്റ്റിനായുള്ള പൈലിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com