തുഷാറിന് വോട്ടുകുറഞ്ഞാല്‍ ഉത്തരവാദിത്തം ബിജെപിക്ക്; പ്രചാരണത്തില്‍ പാളിച്ചയെന്ന് ബിഡിജെഎസ്

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറിന് വോട്ട്  കുറഞ്ഞാല്‍ ഉത്തരവാദിത്തം ബിജെപിക്ക് മാത്രമായിരിക്കുമെന്ന് ബിഡിജെഎസ്‌ 
തുഷാറിന് വോട്ടുകുറഞ്ഞാല്‍ ഉത്തരവാദിത്തം ബിജെപിക്ക്; പ്രചാരണത്തില്‍ പാളിച്ചയെന്ന് ബിഡിജെഎസ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ വിട്ടുനിന്നെന്ന് ആരോപണവുമായി ബിഡിജെഎസ് നേതാക്കള്‍ രംഗത്ത്. ഇത് വോട്ടെടുപ്പ് ദിവസത്തിലടക്കം പ്രകടമായെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി  പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ യോജിച്ച പ്രവര്‍ത്തനം ഉണ്ടാകുമെന്ന് ദേശീയ നേതാക്കള്‍ ബിഡിജെഎസ് നേതത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. മണ്ഡലത്തിലെത്തുമെന്ന് പറഞ്ഞ ദേശീയ നേതാക്കളെത്താത്തതും ദോഷം ചെയ്‌തെന്നും ഷാജി പറഞ്ഞു. വയനാട് മണ്ഡലത്തില്‍ എന്‍ഡിഎ സംവിധാനം പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  

വോട്ട് കുറഞ്ഞാല്‍ പൂര്‍ണ ഉത്തരവാദിത്തം ബിജെപി നേതാക്കള്‍ക്കായിരിക്കും. സ്ഥാനാര്‍ഥിയുടെ ചിഹ്നം താമര അല്ലാത്തതുകൊണ്ടുതന്നെ ചിഹ്നം വോട്ടര്‍മാരില്‍ നല്ല രീതിയില്‍ പരിചയപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യം തുടക്കം മുതല്‍ തന്നെ എന്‍ഡിഎ യോഗങ്ങളിലും ബിജെപി നേതാക്കളോടും  ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവിക്കൊണ്ടില്ല. അമിത് ഷാ ഉള്‍പ്പെടെ പരമാവധി ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിക്കാനായിരുന്നു തുടക്കത്തിലുണ്ടാക്കിയ തീരുമാനം. അതുണ്ടായില്ല. സ്മൃതി ഇറാനി റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല.  സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിര്‍മല സീതാരാമനെ കൊണ്ടുവന്നുവെന്നു മാത്രം'– ഷാജി പറഞ്ഞു.

മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി എത്തിയത് മുതല്‍ പലയിടത്തായി ബിജെപിയും ബിഡിജെഎസും തമ്മിലുള്ള അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു.പരിപാടികള്‍ക്കിടെ വേദിയില്‍നിന്നും തുഷാര്‍ ഇറങ്ങിപ്പോയതും ബിജെപിയില്‍ എതിര്‍പ്പിന് കാരണമായി.  
പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടും തുഷാര്‍വെള്ളാപ്പള്ളിക്ക് ലഭിച്ചില്ലെന്നാണ് ബിഡിജെഎ്‌സ ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ വോട്ടുകള്‍ തുഷാറിന് ലഭിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com