അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍, കുഞ്ഞ് അച്ഛന്റെ വീട്ടിലേക്ക്; തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ അനിയന്‍ ഒരു മാസം തിരുവനന്തപുരത്ത്  

അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍, കുഞ്ഞ് അച്ഛന്റെ വീട്ടിലേക്ക്; തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ അനിയന്‍ ഒരു മാസം തിരുവനന്തപുരത്ത്  

അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി

തൊടുപുഴ; അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി മരിച്ച ഏഴു വയസുകാരന്റെ സംരക്ഷണം അച്ഛന്റെ വീട്ടുകാര്‍ക്ക് നല്‍കി. ഒരു മാസത്തേക്കാണ് കുഞ്ഞിനെ അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കുന്നത്. ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം. അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. 

കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് കാട്ടിയായിരുന്നു മുത്തച്ഛന്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴേക്കും ആര്‍ക്കൊപ്പം വിടണമെന്ന് തീരുമാനിക്കും. ഏഴു വയസുകാരന്റെ മരണത്തോടെ മാനസികമായി തകര്‍ന്ന അമ്മ നിലവില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. 

കുട്ടി തിരുവനന്തപുരത്ത് കഴിയുന്ന ഒരു മാസം പൊലീസും ശിശുസംരക്ഷണമിതിയും നിരീക്ഷിക്കും. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ മാറ്റും. ജയിലില്‍ കഴിയുന്ന പ്രതി അരുണ്‍ ആനന്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയോട് ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂന്തുറ എസ്.ഐ ഇടയ്ക്ക് നിരീക്ഷണം നടത്തണം. അച്ഛന്റെ വീട്ടുകാര്‍ കുട്ടിയെ നന്നായാണ് സംരക്ഷിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് സമിതി തിരുവനന്തപുരം യൂണിറ്റിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അനിയന്‍ മൂത്രമൊഴിച്ചതിന്റെ പേരിലാണ് ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് നീണ്ട നാള്‍ ജീവന് വേണ്ടി പോരാടിയെങ്കിലും അവസാനം മരണത്തിന് കീഴടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com