എല്‍ഡിഎഫിന്റെ കണക്കുകള്‍ തെറ്റും, ആലപ്പുഴയില്‍ ഷാനിമോള്‍ ഇരുപതിനായിരം വോട്ടിനു ജയിക്കുമെന്ന് കോണ്‍ഗ്രസ്; വിലയിരുത്തല്‍

എല്‍ഡിഎഫിന്റെ കണക്കുകള്‍ തെറ്റും, ആലപ്പുഴയില്‍ ഷാനിമോള്‍ ഇരുപതിനായിരം വോട്ടിനു ജയിക്കുമെന്ന് കോണ്‍ഗ്രസ്; വിലയിരുത്തല്‍
എല്‍ഡിഎഫിന്റെ കണക്കുകള്‍ തെറ്റും, ആലപ്പുഴയില്‍ ഷാനിമോള്‍ ഇരുപതിനായിരം വോട്ടിനു ജയിക്കുമെന്ന് കോണ്‍ഗ്രസ്; വിലയിരുത്തല്‍

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ചുരുങ്ങിയത് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചുകയറുമെന്ന് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കെസി വേണുഗോപാല്‍ സ്ഥാനാര്‍ഥിയായി ഇല്ലാത്ത സാഹചര്യത്തില്‍ ആലപ്പുഴ അനായാസം പിടിക്കാമെന്ന എല്‍ഡിഎഫ് വാദം 23ന് പൊളിയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കെസി വേണുഗോപാലിന് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഷാനിമോള്‍ ഉസ്മാനു ലഭിക്കുമെന്നാണ് ഡിസിസി അധ്യക്ഷന്‍ എം ലിജു പറയുന്നത്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങള്‍ക്കൊപ്പം ആലപ്പുഴയിലും യുഡിഎഫ് അനുകൂല തരംഗമാണ് വീശിയടിച്ചതെന്ന് ഡിസിസി അധ്യക്ഷന്‍ അവകാശപ്പെടുന്നു.

ആലപ്പുഴയിലും അമ്പലപ്പുഴയിലും അയ്യായിരം വീതം വോട്ടിന്റെ ഭൂരിപക്ഷം ഷാനിമോള്‍ക്കു ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഹരിപ്പാട് എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അത് പതിനായിരം വരെ ആകാനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയില്‍ രണ്ടായിരം മുതല്‍ അയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ചേര്‍ത്തല, അരൂര്‍, കായംകുളം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാവുമെങ്കിലും യുഡിഎഫ് ഏറെയൊന്നും പിന്നില്‍ പോവില്ലെന്നാണ് പ്രതീക്ഷ. ഏതാണ്ട് ഒപ്പത്തിനൊപ്പമെന്ന നിലയിലായിരിക്കും ഈ നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ പ്രകടനം. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളില്‍ നടത്തുന്ന മികച്ച പ്രകടനത്തിന്റെ ബലത്തില്‍ നല്ല ഭൂരിപക്ഷത്തോടെ തന്നെ ജയിച്ചുകയറാനാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

സംസ്ഥാനത്ത് മറ്റു മണ്ഡലങ്ങളില്‍ ഉണ്ടായതു പോലുള്ള ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയില്‍ പ്രതീക്ഷിക്കാനാവില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇരു സ്ഥാനാര്‍ഥികളും ന്യൂനപക്ഷ വിഭാഗത്തില്‍നിന്നായതാണ് ഇതിനു കാരണം. അതേസമയം തന്നെ ആലപ്പുഴയിലെ ന്യൂനപക്ഷങ്ങള്‍ നല്ലൊരു പങ്കും പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നവരാണെന്നും അതില്‍ മാറ്റം വരുന്ന സാഹചര്യമൊന്നുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com