പിഴ അടയ്ക്കില്ലെന്ന് ബസുകാരുടെ കടുംപിടുത്തം; യാത്രക്കാര്‍ പെരുവഴിയില്‍ കിടന്നത് നാലു മണിക്കൂര്‍

പിഴ അടയ്ക്കില്ലെന്ന് ബസുകാരുടെ കടുംപിടുത്തം; യാത്രക്കാര്‍ പെരുവഴിയില്‍ കിടന്നത് നാലു മണിക്കൂര്‍

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതോടെ 5000 രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെട്ടു

ആലപ്പുഴ; 5000 രൂപ പിഴയൊടുക്കാന്‍ തയാറാവാത്തതിന്റെ പേരില്‍ നാലു മണിക്കൂറോളം പെരുവഴിയിലായി യാത്രക്കാര്‍. മതിയായ രേഖകളില്ലാതെ കൊട്ടാരാക്കരയില്‍നിന്ന് ബാംഗളൂരുവിന് പുറപ്പെട്ട അന്തര്‍സംസ്ഥാന ബസാണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതോടെ 5000 രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ബസിലെ ജീവനക്കാര്‍ തയാറാകാതെ വന്നതോടെയാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ള 35 യാത്രക്കാര്‍ പെരുവഴിയിലായത്. 

യാത്രക്കാരെ മറ്റ് വണ്ടിയില്‍ കയറ്റി വിടാനും ഇവര്‍ തയാറായില്ല. ഇതിനിടെ മന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ചനടത്തി മടങ്ങുകയായിരുന്ന ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ ഒരു മണിക്ക് ജീവനക്കാര്‍ പിഴയടച്ചതോടെയാണ് യാത്ര തുടരാനായത്. പണം അടയ്ക്കണ്ടെന്ന് ബസ് ഉടമ പറഞ്ഞുവെന്നാണ് ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്.

ദേശീയപാതയില്‍ കൊമ്മാടി ജംക്ഷനില്‍ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി 9ന് ആയിരുന്നു കേരളാലൈന്‍ എന്ന ബസ് പരിശോധനയ്ക്കായി പിടിച്ചിട്ടത്. കര്‍ണാടക റജിസ്‌ട്രേഷനുള്ള ബസിന് കേരളത്തില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുണ്ടായിരുന്നില്ല. നികുതി അടച്ചതിന്റെ രേഖകളും ഇല്ലായിരുന്നു. സ്വകാര്യ ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിന് എടുത്തിരിക്കേണ്ട രേഖകളും ഹാജരാക്കാന്‍ ജീവനക്കാര്‍ക്കായില്ല. രാവിലെ 9.30ന് ബാംഗളൂരുവില്‍ എത്തേണ്ടതായിരുന്നു ബസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com