എസ്എഫ്ഐ നേതാക്കളുടെ ശല്യം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തിൽ അന്വേഷണം ; മന്ത്രി റിപ്പോർട്ട് തേടി

പരീക്ഷ സമയത്ത് എസ്എഫ്ഐ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്നും പുറത്തിറക്കി പരിപാടികളിൽ  പങ്കെടുപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കളുടെ ശല്യത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സർക്കാർ ഇടപെടുന്നു. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ റിപ്പോർട്ട് തേടി. വിദ്യാർത്ഥിനിയുടെ ആത്മഹത്യാകുറിപ്പിന്റെ പശ്ചാത്തലത്തിൽ സംഭവം അന്വേഷിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. 

പരീക്ഷ സമയത്ത് വിദ്യാർത്ഥി യൂണിയൻ നേതാക്കൾ നിർബന്ധിച്ച് ക്ലാസിൽ നിന്നും പുറത്തിറക്കി പരിപാടികളിൽ  പങ്കെടുപ്പിച്ചു എന്നാരോപിച്ചാണ് യൂണിവേഴ്സിറ്റി കോളജ് കാമ്പസിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെയാണ് പെൺകുട്ടികളുടെ വിശ്രമ മുറിയിൽ കൈയുടെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ വേദന സംഹാരിയും കഴിച്ചിട്ടുണ്ടായിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആറ്റിങ്ങൽ സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് രണ്ടു പേജു വരുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോളജിൽ പോയ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷാകർത്താക്കൾ കഴിഞ്ഞദിവസം ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. 

ഇന്നലെ രാവിലെ കോളജ് ജീവനക്കാരാണ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. യൂണിയൻ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നുവെന്ന പരാതി സമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടി മുമ്പ് ഉന്നയിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഏതാനും എസ്എഫ്ഐ  നേതാക്കളുടേ പേരും കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്നാ‌ണ് സൂചന. 

ക്ലാസുള്ള ദിവസങ്ങളിൽ അധ്യാപകർ കൃത്യമായി ക്ലാസെടുക്കാൻ എത്താറില്ല. പാഠഭാഗങ്ങൾ പഠിപ്പിച്ച് പൂർത്തിയാക്കാത്തതിനാൽ പഠനത്തെ ബാധിക്കുന്നു. ക്ലാസുകളില്ലാത്തതിനാൽ ഇന്റേണൽ മാർക്കിൽ കുറവുണ്ടാകുന്നു തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുളളതെന്ന് പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com