വനിത ഹോസ്റ്റലുകളില്‍ ഇനി കൂടുതല്‍ സ്വാതന്ത്യം; നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍

നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥിനികളെ മാനസികമായി തളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്
വനിത ഹോസ്റ്റലുകളില്‍ ഇനി കൂടുതല്‍ സ്വാതന്ത്യം; നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം; വനിത ഹോസ്റ്റലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഹോസ്റ്റലുകളില്‍ പ്രവേശിക്കുന്നതിന്റെ സമയം ദീര്‍ഘിപ്പിച്ചതിന് പിന്നാലെയാണ് നടപടി. നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥിനികളെ മാനസികമായി തളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. 

വസ്ത്രം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിലാണ് മാറ്റമുണ്ടാവുക. വിദ്യാര്‍ഥിനികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയും നിയന്ത്രണങ്ങള്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും നടപടി. 

നിസ്സാര കാര്യങ്ങള്‍ രക്ഷിതാക്കളെ വിളിച്ചറിയിക്കുന്നതിലും പരിധി നിശ്ചയിക്കും. രാത്രിയില്‍ നിശ്ചിത സമയത്തിന് ശേഷം ലൈറ്റ് അണയ്ക്കണമെന്ന നിയന്ത്രണം ഇല്ലാതാവും. രാത്രി 10.30നുശേഷം നിശ്ചയിച്ചിട്ടുള്ള പൊതുവായ സ്ഥലത്തിരുന്ന് പഠിക്കണമെന്നാണ് ഹോസ്റ്റലുകളിലെ നിയമം. അതിനും മാറ്റംവരും. പകല്‍ ഉപാധികളോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്കും തിരിച്ചും പ്രവേശനം അനുവദിക്കും. ടോയ്‌ലറ്റുകള്‍, സാനിറ്ററി പാഡ് വെന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവ ഹോസ്റ്റലുകളില്‍ ഉറപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ ജെന്‍ഡര്‍ വിഭാഗമാണ് പഠനം നടത്തുന്നത്. പുതിയ അധ്യയനവര്‍ഷംമുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനാണ് സര്‍ക്കാര്‍ ആലോചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com