പഞ്ചായത്തംഗം അയോഗ്യയാകില്ല; ടിക്കാറാം മീണയ്ക്ക് തിരിച്ചടി 

കളളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറിന്റെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തളളി
പഞ്ചായത്തംഗം അയോഗ്യയാകില്ല; ടിക്കാറാം മീണയ്ക്ക് തിരിച്ചടി 

തിരുവനന്തപുരം: കളളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറിന്റെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തളളി. കളളവോട്ട് ചെയ്‌തെന്നതിന്റെ പേരില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എന്‍ പി സലീനയെ അയോഗ്യയാക്കണമെന്ന ടിക്കാറാം മീണയുടെ ശുപാര്‍ശയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തളളിയത്. 

ശുപാര്‍ശയുടെ മാത്രം അടിസ്ഥാനത്തില്‍ അയോഗ്യയാക്കാന്‍ കഴിയില്ലെന്നും ശുപാര്‍ശയ്ക്ക് ടിക്കാറാം മീണയ്ക്ക്് അധികാരമില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. തടവ് ശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പഞ്ചായത്തംഗത്തെ അയോഗ്യയാക്കാന്‍ കഴിയുകയുളളുവെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

കണ്ണൂരിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്തതിന് എന്‍ പി സലീന ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കഴിഞ്ഞദിവസം പരിയാരം പോലീസ് കേസെടുത്തിട്ടുണ്ട്. കാസര്‍കോട് ജില്ലാ കളക്ടറുടെ പരാതിപ്രകാരമായിരുന്നു നടപടി. 
ചെറുതാഴം പഞ്ചായത്തംഗം എന്‍.പി. സലീന, ചെറുതാഴം പഞ്ചായത്ത് മുന്‍ അംഗം സുമയ്യ, ദേര്‍മാല്‍ പത്മിനി എന്നിവര്‍ക്കെതിരേ ആള്‍മാറാട്ടം നടത്തി വോട്ടുചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 171 സി, ഡി, എഫ് വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കാസര്‍കോട് തൃക്കരിപ്പൂര്‍ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ കെ. ശ്യാംകുമാറിനെതിരേ കേസെടുക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കി. പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com