ഫുട്‌ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍; അറസ്റ്റിലായത് മുന്‍ കേരള ടീം അംഗങ്ങള്‍

കഞ്ചാവ് എറണാകുളത്തെത്തിക്കുന്നതിന് 10,000 രൂപയാണു ഇവര്‍ക്ക് കൂലിയായി ലഭിക്കുന്നത്‌ 
ഫുട്‌ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍; അറസ്റ്റിലായത് മുന്‍ കേരള ടീം അംഗങ്ങള്‍

കൊച്ചി; കോഴിഞ്ഞ ദിവസം 16 കിലോ കഞ്ചാവുമായി അറസ്റ്റിലായത് ഫുട്‌ബോള്‍ താരങ്ങളെന്നു പൊലീസ്. കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് കഞ്ചാവ് കേസില്‍ അകത്തായത്. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (24), അണ്ടര്‍ 16 പാലക്കാട് ജില്ലാ  ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്ത് കൊണ്ടായത് വീട്ടില്‍ ഫിറോസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കുകയാണ് ഇരുവരും. 

ശനിയാഴ്ചയാണ് രണ്ടുപേരും കഞ്ചാവുമായി നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ആന്ധ്ര വിജയവാഡയില്‍നിന്നു ട്രെയിനില്‍ എറണാകുളത്ത് എത്തിച്ച്, മൊത്തക്കച്ചവടക്കാര്‍ക്കു കൈമാറാനായി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു ഇവര്‍. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്റെ 'കണക്ട് മി ടു കമ്മിഷണര്‍' ഫോണ്‍ നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2 ദിവസമായി റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്നു. 
 
ആന്ധ്രയില്‍നിന്നു വന്‍തോതില്‍ കഞ്ചാവെത്തിച്ചു വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കു വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. ഏറെ പണിപ്പെട്ടാണു ഇരുവരെയും കീഴ്‌പ്പെടുത്തിയത്. കഞ്ചാവ് എറണാകുളത്തെത്തിക്കുന്നതിന് 10,000 രൂപയാണു ഇവര്‍ക്ക് കൂലിയായി ലഭിക്കുന്നത്‌. മുന്‍പും ഇവര്‍ കേരളത്തിലേക്കു കഞ്ചാവ് കടത്തിയതായി സംശയിക്കുന്നു. ആന്ധ്രയില്‍ കിലോയ്ക്ക് 5,000 രൂപയ്ക്കു കിട്ടുന്ന കഞ്ചാവിന് ഇവിടെ മൊത്തവില 30,000 രൂപയോളം ലഭിക്കും. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com