മോഷണക്കേസിൽ വീട്ടമ്മ  അറസ്റ്റിലായി ; ഭർത്താവ് മുങ്ങിമരിച്ച നിലയിൽ

ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
മോഷണക്കേസിൽ വീട്ടമ്മ  അറസ്റ്റിലായി ; ഭർത്താവ് മുങ്ങിമരിച്ച നിലയിൽ

തൃശൂർ : ആഭരണ മോഷണക്കേസിൽ വീട്ടമ്മ  അറസ്റ്റിലായി. ഇതിന് പിന്നാലെ ഇവരുടെ ഭർത്താവിനെ ചിറയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

വടാന്തോൾ താക്കോൽക്കാരൻ ജോൺസന്റെ ഭാര്യയുടെ നാലുപവൻ വരുന്ന മാലയും കുട്ടിയുടെ ഒന്നരപ്പവന്റെ മാലയും മുക്കാൽപവൻ വരുന്ന കൈചെയിനും മോഷ്ടിച്ചെന്ന പരാതിയിലാണ്  ആലീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 29-ന് രാത്രി 12-നായിരുന്നു മോഷണം. വീട്ടിൽ ഉറങ്ങുകയായിരുന്ന ജോൺസന്റെ ഭാര്യ ലില്ലിയുടെയും കൊച്ചുമകളുടെയും ആഭരണങ്ങൾ ആലീസ് ഊരിയെടുക്കുകയായിരുന്നു. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നാണ് പ്രതി അകത്തുകയറിയതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തിയ വരന്തരപ്പിള്ളി പൊലീസ് കുര്യനെയും ആലീസിനെയും ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ ആലീസ് കുറ്റം സമ്മതിച്ചു. ഇതിന് പിന്നാലെ കുര്യനെ പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെ പേരാമ്പ്രയിലെ ഭാര്യവീട്ടിലെത്തിയ കുര്യൻ ഭാര്യാസഹോദരന്റെ ബൈക്കുമായി പുറത്തുപോയി. ഏറെ വൈകിയും കുര്യനെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ചെറുവത്തൂർച്ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com