17 ദിവസത്തെ ആശങ്കയ്ക്ക് വിരാമം; ദുബായില്‍ കാണാതായ വീട്ടമ്മ നാട്ടില്‍ തിരിച്ചെത്തി

ഏപ്രില്‍ 20 മുതല്‍ സുനിതയുടെ യാതൊരു വിവരവുമില്ലാത്തതിനാല്‍ മൂന്നുമക്കളും ആശങ്കയിലായിരുന്നു
17 ദിവസത്തെ ആശങ്കയ്ക്ക് വിരാമം; ദുബായില്‍ കാണാതായ വീട്ടമ്മ നാട്ടില്‍ തിരിച്ചെത്തി

കൊല്ലം; വിദേശത്ത് തൊഴില്‍ തട്ടിപ്പിന് ഇരയായി കാണാതായ മലയാളി വീട്ടമ്മ 17 ദിവസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി.  കൊല്ലം മുളവന മുക്കൂട് പുത്തന്‍വിളവീട്ടില്‍ സുനിതയെയാണ് ദുബായില്‍ നിന്ന് കാണാതായത്. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിതയെ മക്കള്‍ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. 

ദുബായില്‍ ജോലിക്ക് എന്ന് പറഞ്ഞാണ് ഏജന്റ് സുനിതയെ കൊണ്ടുപോയത്.അവിടെനിന്ന് ഒമാനിലേക്ക് കടത്തുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ സുനിതയുടെ യാതൊരു വിവരവുമില്ലാത്തതിനാല്‍ മൂന്നുമക്കളും ആശങ്കയിലായിരുന്നു. സുനിതയെക്കുറിച്ച് വാര്‍ത്ത വന്നതോടെ അധികൃതരും പ്രവാസികളും ഇടപെടുകയായിരുന്നു. 

ഒമാനില്‍ ലിവ എന്ന സ്ഥലത്ത് സ്‌പോണ്‍സര്‍ സുനിതയെ വീട്ടുതടങ്കലിലാക്കിയിരുന്നു. വാര്‍ത്തകണ്ടതോടെ ഒ.ഐ.സി.സി. നേതാക്കളായ ചന്ദ്രന്‍ കല്ലട, ശങ്കരപ്പിള്ള കുമ്പളത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇടപെട്ടു. കരാറനുസരിച്ചുള്ള 1500 ഒമാന്‍ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) നല്‍കിയതോടെയാണ് സ്‌പോണ്‍സര്‍ സുനിതയെ വിട്ടയയ്ക്കാന്‍ തയ്യാറായത്.

സുനിത ശനിയാഴ്ചയാണ് ഒമാനിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിലെത്തി. അവിടെനിന്നാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. മക്കളായ സീതാലക്ഷ്മിയും അനന്തുവും എത്തിയാണ് സുനിതയെ കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com