'കേസെടുത്താൻ തനിക്ക് പുല്ല് ; വിട്ടയച്ചാൽ മൂന്ന് മണിക്കൂറിനകം 20 ലക്ഷം' ; ഓഫറുമായി പ്രതി

കേസെടുത്താലും തനിക്കൊന്നുമില്ല. തനിക്ക് പിന്നില്‍ വന്‍ശക്തികള്‍ ഉണ്ടെന്നും കേസെടുത്താലും താന്‍ രക്ഷപ്പെടുമെന്നും പ്രതി സവാദ്
'കേസെടുത്താൻ തനിക്ക് പുല്ല് ; വിട്ടയച്ചാൽ മൂന്ന് മണിക്കൂറിനകം 20 ലക്ഷം' ; ഓഫറുമായി പ്രതി

കൊച്ചി: തന്നെ കേസെടുക്കാതെ വിട്ടയച്ചാൽ മൂന്ന് മണിക്കൂറിനകം 20 ലക്ഷം രൂപ നൽകാമെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് പ്രതിയുടെ വാ​ഗ്ദാനം. ലഹരിമരുന്നുമായി കൊച്ചിയിൽ പിടിയിലായ കോഴിക്കോട് സ്വദേശി സവാദാണ് എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് ഈ ഓഫർ നൽകിയത്. കേസെടുത്താലും തനിക്കൊന്നുമില്ല. തനിക്ക് പിന്നില്‍ വന്‍ശക്തികള്‍ ഉണ്ടെന്നും കേസെടുത്താലും താന്‍ രക്ഷപ്പെടുമെന്നും ഇയാള്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. 

വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് നേരിട്ടെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാള്‍. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുമ്പോഴും പ്രതിക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. സംഘങ്ങളുടെ വ്യാപ്തി വെച്ച് നോക്കുമ്പോള്‍ ഇത്രയും തുകയൊക്കെ എത്തിക്കുക വലിയ കാര്യമൊന്നുമല്ല. കേസെടുത്താലും താന്‍ നിസാരമായി രക്ഷപ്പെടുമെന്നും പ്രതി പറഞ്ഞു. 

നഗരത്തിലെ നിശാപാര്‍ട്ടികള്‍ക്ക് ലഹരി പകരാനായാണ് സവാദ് ലഹരി എത്തിച്ചതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഇയാള്‍ ഏറെ നാളായി ആലുവ, കോതമംഗലം ഭാഗങ്ങളില്‍ സ്ഥിരമായി 'ഡീലിങ്‌സ്' നടത്താറുണ്ട്. കഞ്ചാവ് പോലുള്ളവ വില്‍ക്കുന്നത് കണ്‍ട്രി ഫെല്ലോസ് മാത്രമാണെന്നും താന്‍ വര്‍ഷങ്ങളായി സിന്തറ്റിക് ഡ്രഗുകള്‍ മാത്രമാണ് വില്‍ക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. ഏറെക്കാലം വിദേശത്ത് ജോലിനോക്കിയിരുന്ന പ്രതി ആ ജോലി ഉപേക്ഷിച്ചാണ് മയക്കുമരുന്ന് ബിസിനസിലേക്ക് തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com