കൈയില്‍ പൈസയുമായി ഇനി വില്ലേജ് ഓഫീസില്‍ പോകേണ്ട; സ്വൈപ്പിങ്  മെഷീന്‍ വരുന്നു

ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ യന്ത്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു
കൈയില്‍ പൈസയുമായി ഇനി വില്ലേജ് ഓഫീസില്‍ പോകേണ്ട; സ്വൈപ്പിങ്  മെഷീന്‍ വരുന്നു

കൊച്ചി; വില്ലേജ് ഓഫീസുകള്‍ കറന്‍സി രഹിതമാകാന്‍ ഒരുങ്ങുന്നു. ഇനി വില്ലേജില്‍ പോകുമ്പോള്‍ പണം കൈയില്‍ കരുതണം എന്നില്ല. എടിഎം മാത്രം മതി. ഓഫീസുകളില്‍ സ്വൈപ്പിങ് യന്ത്രം കൊണ്ടുവരാനാണ് തീരുമാനം. നികുതിയടക്കം ചെറിയതും വലിയതുമായ എല്ലാ തുകകളും ഇനി എടിഎം വഴി അടയ്ക്കാനാകും. വില്ലേജ് ഓഫീസുകള്‍ കറന്‍സി രഹിതമാകും എന്നതിനൊപ്പം ബാങ്കിലും ട്രഷറിയിലും പണമടയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ നെട്ടോട്ടവും ഇതോടെ അവസാനിക്കും. 

ഓണ്‍ലൈനായ എല്ലാ വില്ലേജ് ഓഫീസുകളിലും സ്വൈപ്പിങ് യന്ത്രം സ്ഥാപിച്ച് നികുതിദായകന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് നികുതിയും മറ്റു ഫീസുകളും ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് എത്തുന്ന സംവിധാനമാണ് നടപ്പില്‍വരുന്നത്. സംസ്ഥാന ഐ.ടി. മിഷനും ഫെഡറല്‍ ബാങ്കും ചേര്‍ന്നാണ് ഇതു നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ യന്ത്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇവിടെയുള്ള 132 വില്ലേജ് ഓഫീസുകളിലേക്കുള്ള യന്ത്രങ്ങള്‍ കളക്ടറേറ്റില്‍ എത്തി. ഓണ്‍ലൈനായ 125 വില്ലേജുകളില്‍ ഈ മാസാവസാനത്തോടെ യന്ത്രം സ്ഥാപിക്കും. അടുത്തമാസം മുതല്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നികുതി, റവന്യു റിക്കവറി, ഒറ്റത്തവണ കെട്ടിടനികുതി തുടങ്ങി സര്‍ക്കാരിലേക്ക് ലഭിക്കാനുള്ള ഒട്ടനവധി ഫീസുകള്‍ കാലങ്ങളായി പണമായാണ് സ്വീകരിച്ചിരുന്നത്. 5000 രൂപയില്‍ കൂടുതല്‍ വില്ലേജ് ഓഫീസര്‍ കൈവശംവെക്കരുതെന്നാണ് ചട്ടം. പക്ഷേ പലപ്പോഴും അരലക്ഷം വരെയൊക്കെ കൊണ്ടുനടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.  പണം ഓഫീസില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഓഫീസര്‍മാര്‍ വീട്ടില്‍ കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. അതിനാല്‍ പണം നഷ്ടപ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉദ്യോ?ഗസ്ഥനായിരിക്കും. സ്വൈപ്പിങ് മെഷീന്‍ വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com