ഇനിയും ഏത് ആചാര്യന്മാരാണ് യുവതീപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത്? ആര്‍വി ബാബുവിനോട് പദ്മപിള്ള

ഇനിയും ഏത് ആചാര്യന്മാരാണ് യുവതീപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത്? ആര്‍വി ബാബുവിനോട് പദ്മപിള്ള
ഇനിയും ഏത് ആചാര്യന്മാരാണ് യുവതീപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത്? ആര്‍വി ബാബുവിനോട് പദ്മപിള്ള

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അടക്കം ഏതു ആചാരമാറ്റവും ആവാമെന്നും എന്നാല്‍ ആചാര്യന്മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമുള്ള ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബുവിന്റെ നിലപാടിനെതിരെ റെഡി ടു വെയ്റ്റ് ക്യാംപയ്‌നു നേതൃത്വം നല്‍കിയ പദ്മ പിള്ള. തന്ത്രിയും മറ്റ് ആചാര്യന്മാരുമെല്ലാം ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇനി ഏത് ആചാര്യന്മാരുടെ കാര്യമാണ് ആര്‍വി ബാബു പറയുന്നതെന്നും പദ്മ പിള്ള ചോദിച്ചു.

രഹന ഫാത്തിമ സന്നിധാനത്തേക്കു കയറിക്കൊണ്ടിരുന്ന സമയത്ത് തന്ത്രി വ്യക്തമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ ആചാര്യന്‍ തന്ത്രിയാണ്. അതിനു ശേഷം തിരുവനന്തപുരത്ത് ശബരിമല കര്‍മസമിതിയുടെ യോഗത്തില്‍ പങ്കെടുത്ത് കേരളത്തിലെ വിവിധ മഠങ്ങളില്‍നിന്നുള്ള ആചാര്യന്മാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും ഏത് ആചാര്യരാണ് ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് പദ്മ പിള്ള ഫെയ്‌സ്ബുക്ക് ലൈവില്‍ ചോദിച്ചു. 

സംഘനേതാക്കളായ മാധവ്ജിയും പരമേശ്വര്‍ജിയും ശബരിമല ആചാരങ്ങള്‍ അതേപടി തുടരേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ഇനി ഒരു ആചാര്യസഭ എന്തിനെന്ന് പദ്മപിളള ചോദിച്ചു. യുവതീ പ്രവേശനം നടപ്പാക്കണമെന്ന ദുര്‍വാശിയാണ് ഇതിനു പിന്നില്‍. ഇക്കാര്യങ്ങളില്‍ ഹൈന്ദവ സമൂഹം ചര്‍ച്ച തുടരണമെന്ന് പദ്മ പിള്ള പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം എന്ന അജന്‍ഡയ്ക്ക് കെപി യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റിലെ വിമാനത്താവളവുമായി ബന്ധമുണ്ടെന്ന സംശയം പദ്മ പിള്ള ആവര്‍ത്തിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയവര്‍ക്കു നേരെ അധിക്ഷേപ വര്‍ഷം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റില്‍ താന്‍ നടത്തിയ കമന്റ് സന്ദര്‍ഭത്തില്‍നിന്ന അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണെന്നും പദ്മ പിള്ള പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ നടക്കുന്ന ചര്‍ച്ചയ്ക്കിടെ ഒരു കമന്റായാണ്, ആര്‍വി ബാബു നിലപാട് ആവര്‍ത്തിച്ചത്. സ്ത്രീപ്രവേശനം അടക്കം ആചാരമാറ്റമാവാമെന്നും എന്നാല്‍ ആചാര്യന്മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നുമായിരുന്നു ബാബുവിന്റെ കമന്റ്. സര്‍ക്കാര്‍ തെറ്റായ രീതിയില്‍ വിധി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ് സമരവുമായി രംഗത്തെത്തിയതും ആര്‍വി ബാബു കമന്റില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com