'തിരക്കില്ലാത്ത പ്രാദേശിക നേതാവിന് അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം'; പിണറായിയെ പരിഹസിച്ച് വിടി ബല്‍റാം

ഏപ്രില്‍ 23ന് ശേഷം രാജ്യത്ത് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് തെലങ്കാനക്കാരന്‍ അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം
'തിരക്കില്ലാത്ത പ്രാദേശിക നേതാവിന് അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം'; പിണറായിയെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. കൂടിക്കാഴ്ച ദേശീയതലത്തില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് ബല്‍റാമിന്റെ പരിഹാസം. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ശേഷം രാജ്യത്ത് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് തെലങ്കാനക്കാരന്‍ അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം. അതില്‍ തെറ്റില്ലെന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി  ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ കണ്ടതിന് ശേഷമാണ് പിണറായി വിജയനെ കാണാന്‍ ചന്ദ്രശേഖര റാവു എത്തിയത്. അതേസമയം 13 നു ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഡിഎംകെ നിരസിച്ചു.

പ്രചാരണത്തിരക്ക് കാരണമായി ചൂണ്ടിക്കാട്ടിയെങ്കിലും മൂന്നാം മുന്നണി രൂപീകരണത്തില്‍ സജീവമാണെന്ന ധാരണ ദേശീയ തലത്തില്‍ നല്‍കാന്‍ ആഗ്രഹിക്കാത്തതാണു സ്റ്റാലിന്റെ പിന്മാറ്റത്തിനു കാരണമെന്നു ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായാണു ഡിഎംകെ മല്‍സരിച്ചത്.

പ്രമുഖ പ്രാദേശിക പാര്‍ട്ടികളില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആദ്യം നിര്‍ദേശിച്ചതു സ്റ്റാലിനാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പിനുശേഷം ഭരണ മാറ്റത്തിനു കളമൊരുങ്ങിയാല്‍ കോണ്‍ഗ്രസിന്റെ 8 എംഎല്‍എമാരുടെ നിലപാടു നിര്‍ണായകമാണെന്നതും ഡിഎംകെ നിലപാടിനു പിന്നിലുണ്ടെന്നാണു വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com