മാണിയുടെ മണ്ഡലം പിടിക്കാന്‍ കരുക്കള്‍ നീക്കി പിസി ജോര്‍ജ്ജ്; മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയോട് ആവശ്യപ്പെടും

പാലാ മണ്ഡലത്തിനോട് കേരളജനപക്ഷം പാര്‍ട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. നൂറ് ശതമാനം വിജയം ഉറപ്പാണെന്നും പിസി ജോര്‍ജ്ജ്
മാണിയുടെ മണ്ഡലം പിടിക്കാന്‍ കരുക്കള്‍ നീക്കി പിസി ജോര്‍ജ്ജ്; മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയോട് ആവശ്യപ്പെടും

കോട്ടയം: പാലാ നിയേജകമണ്ഡലം ഉപതെരഞ്ഞടുപ്പില്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കരുനീക്കങ്ങളുമായി പിസി ജോര്‍ജ്ജ്. കേരള ജനപക്ഷം അധ്യക്ഷനായ ഷോണ്‍ ജോര്‍ജ്ജിനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് പിസി ജോര്‍ജ്ജിന്റെ തീരുമാനം. ഇക്കാര്യം എന്‍ഡിഎയോട് ആവശ്യപ്പെടും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളെക്കുറിച്ച് ധാരണയാവുകയുള്ളൂവെങ്കിലും പാലാ മണ്ഡലത്തിനോട് കേരളജനപക്ഷം പാര്‍ട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. നൂറ് ശതമാനം വിജയം ഉറപ്പാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

'12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ് പാലാ നിയോജക മണ്ഡലം. അതില്‍ ആറ് പഞ്ചായത്തുകള്‍ ഞാന്‍ എം എല്‍ എ ആയിരിക്കുന്ന പഴയ പൂഞ്ഞാറിന്റെ ഭാഗമാണ്. എട്ട് പഞ്ചായത്തുകളില്‍ കേരള ജനപക്ഷത്തിന് ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. കേരള ജനപക്ഷം സെക്കുലറിലേക്ക് മാറി രാഷ്ട്രീയപാര്‍ട്ടിയായും കേരള ജനപക്ഷം സാമൂഹിക സംഘടനയായും പ്രവര്‍ത്തിക്കും. പി.സി.ജോര്‍ജ് ചെയര്‍മാനായ ഒരു സാമൂഹിക സംഘടനയാണ് കേരള ജനപക്ഷം. ചാരിറ്റബിള്‍ ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. ഇപ്പോള്‍ കേരള ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. ഔദ്യോഗികപാര്‍ട്ടിയായി കേരള ജനപക്ഷം സെക്കുലര്‍ മാറുമ്പോള്‍ ഷോണ്‍ ജോര്‍ജ് പാര്‍ട്ടി അധ്യക്ഷനായിരിക്കും. കേരള ജനപക്ഷവും കേരളജനപക്ഷം സെക്കുലറും രണ്ടായി തന്നെ നിലനില്‍ക്കും. 

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പരമാവധി കോണ്‍ഗ്രസിന് നൂറ് സീറ്റുകള്‍ മാത്രമാവും ലഭിക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയിലേക്ക് ഇനി കോണ്‍ഗ്രസിന് എത്താന്‍ കഴിയില്ല.ഇനിയൊരു മുന്നണി മാറ്റത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ല. തനിക്ക് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. അത് താന്‍ ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നു. വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com