വൈദ്യരേ, സ്വയം ചികിത്സിക്കുക; പിണറായിക്കു ശ്രീധരന്‍ പിള്ളയുടെ മറുപടി

വൈദ്യരേ, സ്വയം ചികിത്സിക്കുക; പിണറായിക്കു ശ്രീധരന്‍ പിള്ളയുടെ മറുപടി
വൈദ്യരേ, സ്വയം ചികിത്സിക്കുക; പിണറായിക്കു ശ്രീധരന്‍ പിള്ളയുടെ മറുപടി

തിരുവനന്തപുരം: ദേശീയപാത വികസന വിവാദത്തില്‍ തന്നെ ഒറ്റപ്പെടുത്തി ബഹിഷ്‌കരിക്കണമെന്നു പറയുന്ന സിപിഎമ്മിനോടു പറയാനുള്ളത് വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പ്രളയകാലത്ത് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കുറച്ച് ആളുകള്‍ നിവേദനം തന്നപ്പോള്‍ അതു നിയമാനുസൃതമാണെങ്കില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്. അതിനെയാണ് മഹാപരാധം എന്ന മട്ടില്‍ സിപിഎമ്മും കേരള സര്‍ക്കാരും അവതരിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

സാമൂഹ്യമായി ബഹിഷ്‌കരിക്കുക, സാഡിസ്റ്റ് ഇതൊക്കെ കമ്യൂണിസ്റ്റ് പദാവലിയിലുള്ളതാണ്. ട്രോട്‌സ്‌കിയെക്കുറിച്ച് സ്റ്റാലിനാണ് സാമൂഹ്യമായി ബഹിഷ്‌കരിക്കാന്‍ ആദ്യം പറഞ്ഞത്. സാഡിസ്റ്റ് എന്നത് ഇഎംഎസ് അച്യുതമേനോനെക്കുറിച്ചു പറഞ്ഞതാണ്. ഇതൊക്കെ ഇപ്പോള്‍ തനിക്കെതിരെ ഉപയോഗിക്കുകയാണ്. ആശാനും വിളക്കും  മാത്രമായി അവശേഷിച്ച പാര്‍ട്ടിയാണ് സിപിഎം. ആദ്യ ലോക്‌സഭയിലെ മുഖ്യ പ്രതിപക്ഷമായിരുന്നു. ഇപ്പോള്‍ ഒരു കൈയിലെ വിരലിലെണ്ണാവുന്ന എണ്ണത്തിലേക്കു ചുരുങ്ങി. വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണ് അവരോടു പറയാനുള്ളത്. 

ദേശീയപാതാ സ്ഥലമെടുപ്പു നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടെങ്കില്‍ കാരണം എന്താണെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരായുകയാണ് കേരളത്തിലെ ഭരണകൂടം ചെയ്യേണ്ടത്. ദേശീയപാതാ അതോറിറ്റിയുടേത് അഡ്മിനിസ്‌ട്രേറ്റിവ് തീരുമാനമാണ്. ആ തീരുമാനത്തിനു കാരണമെന്തെന്ന് സര്‍ക്കാര്‍ അന്വേഷിക്കുകയാണ് വേണ്ടത്. അങ്ങനെ എന്തെങ്കിലും ശ്രമം സര്‍ക്കാര്‍ നടത്തിയുണ്ടോ? അതിനു മറുപടി ലഭിച്ചെങ്കില്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

പ്രളയകാലത്താണ് സ്ഥലം ഏറ്റെടുക്കാന്‍ അതോറിറ്റിയുടെ വിജ്ഞാപനം വന്നത്. ആത്മഹത്യയില്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് നിവേദനം നല്‍കിയവര്‍ പറഞ്ഞത്. നിവേദനത്തിലെ ആവശ്യം നിയമാനുസൃതമാണെങ്കില്‍ ചെയ്യണമന്ന കവറിങ് ലെറ്ററോടെയാണ് കേന്ദ്രത്തിന് അയച്ചത്. ഇതു സാഡിസമല്ല, ഹ്യൂമനിസമാണ്. അത്രയെങ്കിലും ചെയ്യാനായില്ലെങ്കില്‍ പിന്നെന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com