സിപിഎം നേതാവിന്റെ നമ്പര്‍ ട്രൂകോളറിലും 'എഡിഎം' എന്ന പേരില്‍ ; അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എഡിഎമ്മിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ നേതാവിനെതിരെ കേസ്, പാര്‍ട്ടിയിലും നടപടി

അടിയന്തരമായി ചേര്‍ന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി യോഗം ശ്യാംകുമാറിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചു
സിപിഎം നേതാവിന്റെ നമ്പര്‍ ട്രൂകോളറിലും 'എഡിഎം' എന്ന പേരില്‍ ; അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എഡിഎമ്മിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ നേതാവിനെതിരെ കേസ്, പാര്‍ട്ടിയിലും നടപടി

കൊച്ചി : എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം കാക്കനാട് ബ്രാഞ്ച് സെക്രട്ടറി ശ്യാംകുമാറിനെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എഡിഎം കെ ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

പൊലീസ് കേസെടുത്തതിന് പിന്നാലെ ഇന്നലെ രാത്രി അടിയന്തരമായി ചേര്‍ന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി യോഗം ശ്യാംകുമാറിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചു. രാത്രി തന്നെ ബ്രാഞ്ച് യോഗം വിളിച്ച് തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. ശ്യാംകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ മേല്‍ക്കമ്മിറ്റിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. 

മെയ് ഒന്നിനാണ് ശ്യാംകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പള്ളിക്കരയിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് സന്ദര്‍ശിച്ചത്. കഴിഞ്ഞ മാസം 29-ാം തീയതിയായിരുന്നു പാര്‍ക്കിലെ പിആര്‍ഒയ്ക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്. എറണാകുളം എഡിഎമ്മാണ് വിളിക്കുന്നത്. തന്റെ ബന്ധുക്കള്‍ പാര്‍ക്കിലേക്ക് വരുന്നുണ്ട്. അവര്‍ക്ക് സൗജന്യ പാസ് നല്‍കി നന്നായി ട്രീറ്റ് ചെയ്‌തേക്കണം എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. 

തൊട്ടടുത്ത ദിവസം രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന സംഘം എത്തി. എഡിഎം വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് സൗജന്യമായി പ്രവേശനവും ആഹാരവും നല്‍കി പാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ സത്കരിച്ചു. രണ്ടു ദിവസത്തിന് ശേഷം കളക്ടറേറ്റില്‍ എത്തിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജീവനക്കാരന്‍ എഡിഎമ്മിനോട് നേരിട്ട് സംസാരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാക്കനാട് സിപിഎം കളക്ടറേറ്റ് ബ്രാഞ്ച് സെക്രട്ടറി ശ്യാം കുമാറാണ് പാര്‍ക്കിലേക്ക് വിളിച്ചതെന്ന് കണ്ടെത്തിയത്. ശ്യാംകുമാറിന്റെ മൊബൈല്‍ നമ്പര്‍ ട്രൂകോളറില്‍ രേഖപ്പെടുത്തിയിരുന്നത് 'എറണാകുളം എഡിഎം' എന്ന പേരിലാണെന്നും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ ഔദ്യോഗികസ്ഥാനം വ്യാജമായി ഉപയോഗിച്ച സിപിഎം നേതാവിനെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസില്‍ എഡിഎം പരാതി നല്‍കി. ഇതേമാതൃകയില്‍ ഇയാള്‍ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും എറണാകുളം എഡിഎം കെ.ചന്ദ്രശേഖരന്‍ നായര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com