ആ ദുഃഖത്തിനും കൃഷ്ണപ്രിയയെ തോൽപ്പിക്കാനായില്ല ; കൃപേഷിന്റെ അനുജത്തിക്ക് പ്ലസ്ടുവിൽ മികച്ച വിജയം

സഹോദരന്റെ വേർപാടിൽ മാനസികമായി തളർന്ന കൃഷ്ണപ്രിയ പരീക്ഷ എഴുതാൻ സാധിക്കുമെന്ന് പോലും കരുതിയിരുന്നില്ല
ആ ദുഃഖത്തിനും കൃഷ്ണപ്രിയയെ തോൽപ്പിക്കാനായില്ല ; കൃപേഷിന്റെ അനുജത്തിക്ക് പ്ലസ്ടുവിൽ മികച്ച വിജയം

പെരിയ:  കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയ്ക്ക് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം. സഹോദരന്റെ വേർപാടിൽ മാനസികമായി തളർന്ന കൃഷ്ണപ്രിയ പരീക്ഷ എഴുതാൻ സാധിക്കുമെന്ന് പോലും കരുതിയിരുന്നില്ല. വീട്ടുകാരുടെയും കൂട്ടുകാരുടെയും സ്നേഹത്തിനും നിർബന്ധത്തിനും വഴങ്ങിയാണ് കടുത്ത മാനസിക സമ്മർദ്ദത്തിനിടയിലും കൃഷ്ണ പരീക്ഷ എഴുതിയത്. റിസൾട്ട് വന്നപ്പോൾ മലയാളത്തിന് എ പ്ലസും, ബാക്കിയെല്ലാം എ ​ഗ്രേഡും. പെരിയ ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് ബാച്ചിലായിരുന്നു കൃഷ്ണപ്രിയയുടെ പഠനം. 

നല്ലൊരു കോളെജിൽ ഡി​ഗ്രിക്ക് പഠിക്കാനാണ് കൃഷ്ണപ്രിയയുടെ ആ​ഗ്രഹം. കൃപേഷിനൊപ്പം കൊല്ലപ്പെട്ട സുഹൃത്ത് ശരത് ലാലിന്റെ സഹോദരി അമൃതയും എം കോമിൽ 78 ശതമാനം മാർക്കോടെ ഉന്നത വിജയമാണ് നേടിയത്.

സഹോദരൻ വെട്ടേറ്റ് കിടക്കുന്നത് കണ്ട് മറ്റുള്ളവരെ വിവരം അറിയിച്ചത് അമൃതയായിരുന്നു. ബിഎഡിന് ചേർന്ന് അധ്യാപികയാവാനാണ് അമൃത തയ്യാറെടുക്കുന്നത്. ഇരുവരുടെയും പഠനച്ചെലവുകൾ പൂർണമായും വഹിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോക്ടർ രോഹിത് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കോൺ​ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ. ഏഴുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com