തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി ഗണേഷ് കുമാര്‍ രംഗത്ത് ; വനംവകുപ്പ് ഉത്സവങ്ങള്‍ തകിടം മറിക്കുന്നു ; മന്ത്രി ഉദ്യോഗസ്ഥരുടെ കയ്യിലെ കളിപ്പാവ

വനംവകുപ്പിന്റെ ഓഫീസുകളില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്ത വിദേശികള്‍ കയറിയിറങ്ങുകയാണ്
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി ഗണേഷ് കുമാര്‍ രംഗത്ത് ; വനംവകുപ്പ് ഉത്സവങ്ങള്‍ തകിടം മറിക്കുന്നു ; മന്ത്രി ഉദ്യോഗസ്ഥരുടെ കയ്യിലെ കളിപ്പാവ

തിരുവനന്തപുരം : തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ്  രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന നിലപാട് സ്വീകരിച്ച വനംമന്ത്രി കെ രാജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെ കയ്യിലെ കളിപ്പാവയായി മന്ത്രി രാജു മാറി. ഉദ്യോഗസ്ഥര്‍ തീരുമാനം മാറ്റിയപ്പോള്‍ മന്ത്രി തിരുത്തിയില്ലെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. 

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തത് മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. കട്ട് ആന്റ് പേസ്റ്റാണിത്. അതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. വനം വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഉത്സവങ്ങളും ശബരിമല വികസനവും തകിടം മറിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കാനംരാജേന്ദ്രന്‍രെ നിര്‍ദേശപ്രകാരം വിളിച്ച യോഗത്തില്‍ മന്ത്രി രാജു പറഞ്ഞ കാര്യങ്ങള്‍ അപ്പാടെ മാറ്റിയിരിക്കുകയാണ്. 

കൃഷിമന്ത്രി സുനില്‍കുമാര്‍, മുല്ലക്കര രത്‌നാകരന്‍, സിപിഐ അസിസ്റ്റന്‍ര് സെക്രട്ടറി പ്രകാശ് ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞമാസം 10 ന് ചേര്‍ന്ന യോഗത്തില്‍ തെച്ചിക്കോട് രാമചന്ദ്രനെ തൃശൂര്‍ ജില്ലയ്ക്ക് പുറത്തുകൊണ്ടുപോകില്ലെന്നാണ് തീരുമാനിച്ചിരുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു. യോഗത്തിലെ തീരുമാനം പാലിക്കാന്‍ മന്ത്രി തയ്യാറായില്ല. പൂരത്തിനല്ല, പൂരത്തിലെ ഒരു ചടങ്ങിന് വേണ്ടി മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നത്. 

ഏപ്രില്‍ 10 ലെ യോഗ തീരുമാനങ്ങള്‍ തിരുത്തിയതിന് തെളിവുണ്ട്. വനംവകുപ്പിന്റെ ഓഫീസുകളില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്ത വിദേശികള്‍ കയറിയിറങ്ങുകയാണ്. ഇവരോട് ഇന്ത്യയിലെ ആനപാപ്പാന്മാര്‍ക്ക് ക്ലാസെടുക്കാന്‍ നിര്‍ദേശിക്കുന്നു. ഇവര്‍ക്ക് എന്താണ് വനംവകുപ്പില്‍ കാര്യം. കേരളത്തിലെ വനംവകുപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന പേരിലും വിദേശികള്‍ ഇടപെടുന്നു. ചില എന്‍ജിഒകള്‍ വനംവകുപ്പിനെ നിയന്ത്രിക്കുന്നുണ്ട്. വലിയ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com