തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തി; 10 ലക്ഷം വോട്ടര്‍മാരെ വെട്ടി മാറ്റിയെന്ന് ഉമ്മന്‍ ചാണ്ടി 

വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തിയതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തി; 10 ലക്ഷം വോട്ടര്‍മാരെ വെട്ടി മാറ്റിയെന്ന് ഉമ്മന്‍ ചാണ്ടി 

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തിയതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പൊലീസിലെ പോസ്റ്റല്‍ വോട്ടുതിരിമറി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി, കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ മൂന്നോ നാലോ പേരില്‍ മാത്രമായി നടപടി ചുരുക്കാന്‍ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇന്ദിരഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

2016ല്‍ 2.6 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2019 വരെയുളള മൂന്നുകൊല്ലത്തിനിടെ 1.32 ലക്ഷം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത്. സാധാരണനിലയില്‍ 10 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഇടംപിടിക്കേണ്ട സ്ഥാനത്താണ് ഇത്. 10 ലക്ഷം യുഡിഎഫ് വോട്ടര്‍മാരെ തിരഞ്ഞുപിടിച്ചു വോട്ടര്‍പട്ടികയില്‍ നിന്നും വെട്ടി മാറ്റിയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഇതില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

പൊലീസിലെ പോസ്റ്റല്‍ വോട്ടുതിരിമറി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ഡിജിപി. വോട്ടുതിരിമറി നടന്നുവെന്ന വസ്തുത അംഗീകരിക്കുന്നതാണ് ഈ നടപടി. എന്നാല്‍ മൂന്നോ നാലോ പേരില്‍ മാത്രം നടപടി ചുരുക്കി അന്വേഷണം ഒതുക്കാനുളള ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. കേരളത്തിന് തന്നെ അപമാനമായിട്ടുളള സംഭവത്തില്‍  സമഗ്രമായ അന്വേഷണം നടത്തണം. പൊലീസുകാര്‍ക്ക് പുതിയ ബാലറ്റ് നല്‍കി ഇവര്‍ക്ക് മാത്രമായി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com