പൊലീസിലെ പോസ്റ്റല്‍ വോട്ടുതിരിമറി: ക്രൈംബ്രാഞ്ച് അന്വേഷിക്കും

പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു
പൊലീസിലെ പോസ്റ്റല്‍ വോട്ടുതിരിമറി: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറി ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പോസ്റ്റല്‍ വോട്ട് ക്രമക്കേടിനെ കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങള്‍ പ്രത്യേകമായും അന്വേഷിക്കാനും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ഡിജിപിയുടെ നടപടി.

പോസ്റ്റല്‍ വോട്ട് ക്രമക്കേടിനെക്കുറിച്ച് പോലീസിന്റെ ഏജന്‍സി അന്വേഷിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി നല്‍കിയത് നിഷ്പക്ഷ റിപ്പോര്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു. 

പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍  പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാലാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നടപടി വൈകിയതായി തോന്നുന്നില്ല. മനഃപൂര്‍വമായി കാലതാമസം ഉണ്ടായിട്ടില്ല. പോലീസും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസും തമ്മില്‍ നല്ല ബന്ധമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ അപാകതയുണ്ട്. സംഭവത്തില്‍ പോലീസ് അസോസിയേഷന്റെ പങ്ക് അന്വേഷിക്കണം. അതിനാണ് വിശദമായ റിപ്പോര്‍ട്ട് തേടിയതെന്നും ടീക്കാറാം മീണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com