പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറി; പൊലീസുകാരന് സസ്‌പെന്‍ഷന്‍; വാട്‌സാപ്പ് ഗ്രൂപ്പ് നീക്കം ചെയ്തു

പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചത് വൈശാഖാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് കേസെടുത്തത്
പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറി; പൊലീസുകാരന് സസ്‌പെന്‍ഷന്‍; വാട്‌സാപ്പ് ഗ്രൂപ്പ് നീക്കം ചെയ്തു

തിരുവനന്തപുരം: പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഐആര്‍ ബറ്റാലിയനിലെ കമാന്‍ഡര്‍ വൈശാഖിനെയാണ് സസ്‌പെന്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഇയാള്‍ക്കെതിരെ വോട്ട് തിരിമറിയില്‍ കേസ് എടുത്തതോടെയാണ് നടപടി. 

അതേസമയം വോട്ട് തിരിമറിയിലെ പ്രധാനതെളിവായ ശ്രീപത്മനാഭ എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് നിക്കം ചെയ്തു. ഈ ഗ്രൂപ്പിലാണ് പോസ്റ്റല്‍ വോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്. പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചത് വൈശാഖാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് കേസെടുത്തത്. തുടര്‍ന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു.  മറ്റുള്ളവര്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പൊലീസ് അസോസിയേഷന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്.

പോസ്റ്റല്‍ വോട്ട് ക്രമക്കേടിനെക്കുറിച്ച് പോലീസിന്റെ ഏജന്‍സി അന്വേഷിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി നല്‍കിയത് നിഷ്പക്ഷ റിപ്പോര്‍ട്ടാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനാലാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നടപടി വൈകിയതായി തോന്നുന്നില്ല. മനഃപൂര്‍വമായി കാലതാമസം ഉണ്ടായിട്ടില്ല. പോലീസും ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസും തമ്മില്‍ നല്ല ബന്ധമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് വിതരണത്തില്‍ അപാകതയുണ്ട്. സംഭവത്തില്‍ പോലീസ് അസോസിയേഷന്റെ പങ്ക് അന്വേഷിക്കണം. അതിനാണ് വിശദമായ റിപ്പോര്‍ട്ട് തേടിയത് ഈ സാഹചര്യത്തിലാണെന്നും ടീക്കാറാം മീണ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com