ഏഴുവയസുകാരനെ മർദ്ദിച്ച് കൊന്ന കേസിൽ അമ്മയ്ക്ക് ജാമ്യം; കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th May 2019 05:40 PM |
Last Updated: 10th May 2019 05:40 PM | A+A A- |
ഇടുക്കി: തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദിച്ചു കൊന്ന കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം അനുവദിച്ചു. തൊടുപുഴ മുട്ടം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ഉപാദികളൊന്നുമില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുറ്റകൃത്യം മറച്ചുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദാണ് ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചത്. മാര്‍ച്ച് 28ന് പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു കുട്ടി ക്രൂരമർദനത്തിന് ഇരയായത്.
മൃതപ്രായനായി മരണത്തോട് മല്ലടിച്ച കുട്ടി പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ സഹോദരനായ നാലുവയസ്സുകാരന്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണ് പ്രതിയായ അരുണ്‍ ആനന്ദ് ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചത്. കാലില്‍ പിടിച്ച് ഭിത്തിയില്‍ അടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടിയ നിലയിലായിരുന്നു കുട്ടി.
കുട്ടിയെ മർദിച്ച അമ്മയുടെ പങ്കാളി അരുൺ ആനന്ദ് റിമാൻഡിലാണ്. അരുണിന്റെ പീഡനങ്ങൾക്ക് വിധേയയായ യുവതിയെ മനഃശാസ്ത്ര കൗൺസിലിംഗിന് വിധേയയാക്കി വരികയായിരുന്നു. ക്രൂരമർദനം കണ്ടുനിന്ന യുവതി ആശുപത്രിയിലെത്തിയിട്ടും, കുട്ടിയെ അടിയന്തര ചികിൽസയ്ക്ക് വിധേയനാക്കുന്നത് വൈകിപ്പിക്കാൻ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കുട്ടിയെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയ അരുണിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. ഇളയ കുട്ടിയെയും അരുണ്‍ മര്‍ദിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ അമ്മയും അരുണും തിരിച്ചുവന്ന ശേഷമാണ് മൂത്ത കുട്ടിയെ മര്‍ദിച്ചത്. ഇളയ കുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ ആയിരുന്നു മര്‍ദനം.