ഉത്സവത്തിന് ആന എന്തിന് ? 'ആനവണ്ടി' മതി! ; വ്യത്യസ്തമായി ഒരു എഴുന്നള്ളത്ത്

കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവത്തിന് എഴുന്നള്ളിച്ചത് ആനയെയല്ല 'ആനവണ്ടി'യെയാണ്!
ഉത്സവത്തിന് ആന എന്തിന് ? 'ആനവണ്ടി' മതി! ; വ്യത്യസ്തമായി ഒരു എഴുന്നള്ളത്ത്


കൊല്ലം : തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയാണ്. രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനവുമായി മുന്നോട്ടുപോയാല്‍ ശനിയാഴ്ച മുതല്‍ ക്ഷേത്ര ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനയെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ആന ഉടമകളുടെ സംഘടന. 

ഇതുസംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ, വ്യത്യസ്തമായൊരു ഉത്സവക്കാഴ്ച്ചയ്ക്ക് വേദിയായി മാറി കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം. ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവത്തിന് ഇവിടെ എഴുന്നള്ളിച്ചത് ആനയെയല്ല 'ആനവണ്ടി'യെയാണ്!

കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ മൊബൈല്‍ വര്‍ക് ഷോപ്പ് വാന്‍ ആണ് ഉത്സവത്തിന് എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടം കെട്ടിച്ച് പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച് ഗജരാജ പ്രൗഢിയോടെ തന്നെയായിരുന്നു ആനവണ്ടിയുടെ എഴുന്നള്ളത്ത്.

ആനവണ്ടിയുടെ എഴുന്നള്ളത്ത് കാണാന്‍ റോഡിന് ഇരുവശവും വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കൊട്ടാരക്കര കെഎസ്ആര്‍ടിസി വര്‍ഷം തോറും ഉത്സവാഘോഷങ്ങളുടെ ഭാഗമാകാറുണ്ട്. ഒരു ദിവസത്തെ ഉത്സവം തങ്ങളുടെ വകയാക്കി ആഘോഷമാക്കുകയാണ് പതിവ്. ഇക്കുറി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആശയത്തിന്റെ പുറത്താണ് ഇത്തവണ എഴുന്നള്ളത്ത് ആനവണ്ടിയില്‍ തന്നെ ആയാലോ എന്ന ചിന്ത ഉടലെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com