കള്ളവോട്ട് ചെയ്തവരെ സംരക്ഷിക്കില്ല; പൊലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി

ഒഴിവാക്കപ്പെട്ട പത്തുലക്ഷം പേരുടെ ലിസ്റ്റ് പ്രസിദ്ധികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം - 23ന് കണക്കാക്കിവെക്കുന്ന ആചാരവെടി മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെതെന്ന് കോടിയേരി
കള്ളവോട്ട് ചെയ്തവരെ സംരക്ഷിക്കില്ല; പൊലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: കള്ളവോട്ട് ചെയ്്തവരെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ഒരാളോടും കള്ളവോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്തിട്ടുള്ളവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തെരഞ്ഞടുപ്പ് കമ്മീഷന്റെ മുഖ്യഓഫീസറായ ടിക്കാറാം മീണയുടെ അനാവശ്യ ഇടപെടലിനെതിരെയാണ് പാര്‍ട്ടി രംഗത്തെത്തിയത്. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് രംഗത്തെത്തിയത്. പഞ്ചായത്ത് മെമ്പര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് മെമ്പറെ അയോഗ്യയാക്കാനുള്ള അധികാരം കേന്ദ്ര തെരഞ്ഞടപ്പ് കമ്മീഷനില്ല. അതുമാത്രമാണ് സിപിഎം ചോദ്യം ചെയ്തത്. കോടതി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമെ മെമ്പറെ അയോഗ്യയാക്കാന്‍ കഴിയുകയുള്ളു. അതില്‍ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും കോടിയേരി പറഞ്ഞു.

പത്തുലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ആരോപണം. വോട്ടേഴ്‌സ് ലിസ്റ്റില്‍ ആളുകളെ ചേര്‍ക്കുന്ന കാര്യത്തിലും ഒഴിവാക്കുന്ന കാര്യത്തിലും ഒരു സര്‍്ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും. സംസ്ഥാനത്ത് രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ഇത് നല്ലപോലെ അറിയാം. തെരഞ്ഞടുപ്പ് പരാജയം മുന്നില്‍കണ്ട് കണക്കുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ മുന്‍കൂര്‍ജാമ്യമാണ് ഇത്തരത്തിലുള്ള ആരോപണം. 23ന് കണക്കാക്കിവെക്കുന്ന ആചാരവെടി മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെതെന്നും കോടിയേരി പറഞ്ഞു. ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത് ഒഴിവാക്കപ്പെട്ട പത്തുലക്ഷം പേരുടെ ലിസ്റ്റ് പ്രസിദ്ധികരിക്കാന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു

പൊലീസിനകത്ത് ഡ്യൂട്ടി ചെയ്തവര്‍ക്ക് പോസ്റ്റല്‍ വോട്ടിനവകാശമുണ്ട്. അത് രേഖപ്പെടുത്താന്‍ അതിന്റെതായ രീതികളുമുണ്ട്. ഒരു പോസ്റ്റല്‍ വോട്ടും ശേഖരിക്കാന്‍ പാര്‍്ട്ടി ഒരു പൊലീസുകാരനെയും നിയോഗിച്ചിട്ടില്ല. നേരത്തെ അത്തരത്തില്‍ ശേഖരിക്കുന്ന രീതി ഉണ്ടായിരുന്നു. ഇത്തവണ അത് ഇല്ല. തപാല്‍ ഓഫീസ് വഴി അയക്കാനെ പറ്റു. ഏതോ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍  വോയ്‌സ് മെേേസജ് ഇട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തര്‍ക്കം.  വോയ്‌സ് മെസേജ് ഇട്ടതിന്റെ ഉത്തരവാദിത്തം ആ പൊലീസുകാരന് മാത്രമാണ്. ഇക്കാര്യത്തില്‍ കമ്മീഷ് നിയമനടപടി സ്വീകരിക്കാം. 

2014 ചെന്നിത്തല ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ വീട്ടില്‍ ഡ്യൂട്ടിക്ക് നിന്ന പൊലീസുകാര്‍ പോസ്റ്റല്‍ വോട്ടുകള്‍ ഓഫീസില്‍ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ്  സ്ഥലം മാറ്റിയ ആളാണ് ചെന്നിത്തല. ആ ചെന്നിത്തലയാണ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com