കെ എം മാണി മടങ്ങിയത് മുറിവുണങ്ങാത്ത മനസ്സുമായി ;  പി ജെ ജോസഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ മാണിയെ അസൂയയോടെയും ഭയത്തോടെയുമാണ് കണ്ടിരുന്നത്
കെ എം മാണി മടങ്ങിയത് മുറിവുണങ്ങാത്ത മനസ്സുമായി ;  പി ജെ ജോസഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാൻ പി ജെ ജോസഫിനെയും കോണ്‍ഗ്രസ് നേതൃത്വത്തേയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം. മുറിവുണങ്ങാത്ത മനസ്സുമായിട്ടാണ് കെ എം മാണി മടങ്ങിയതെന്ന് പാർട്ടി മുഖപത്രം പ്രതിച്ഛായയിലെ പ്രധാന ലേഖനത്തിൽ പറയുന്നു.  പത്രാധിപരായ ഡോ.കുര്യാസ് കുമ്പളകുഴി എഴുതിയ ലേഖനത്തിൽ ബാര്‍കോഴയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും വിമര്‍ശനം ഉന്നയിക്കുന്നത്. 

മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ പോസ്റ്റിനുള്ള തര്‍ക്കം പാര്‍ട്ടിയില്‍ നിലനില്‍ക്കെയാണ് പി ജെ ജോസഫിനെ വിമര്‍ശിച്ചുള്ള ലേഖനം പാര്‍ട്ടി മുഖപത്രത്തില്‍ വന്നിട്ടുള്ളത്. സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ മാണിയെ അസൂയയോടെയും ഭയത്തോടെയുമാണ് കണ്ടിരുന്നത്. തരംകിട്ടിയാല്‍ അദ്ദേഹത്തെ തകര്‍ക്കണമെന്നായിരുന്നു അവരില്‍ പലരുടേയും ഉള്ളിലിരുപ്പ് എന്നും ലേഖനത്തിൽ പറയുന്നു.

മാണിയുടെ തന്നെ ശൈലി കടമെടുത്താല്‍ 'കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍'. അമ്പതുവര്‍ഷം കഴിഞ്ഞിട്ടാണ് മാണിയുടെ ശത്രുക്കള്‍ക്ക് ഒരു കനകാവസരം വന്നത്. അതായിരുന്നു ബാര്‍ കോഴ വിവാദം. ഇത് പൊട്ടി പുറപ്പെട്ട 2014-ഒക്ടോബര്‍ 31-ന് അര്‍ധരാത്രി മുതല്‍ കെ എം മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. 

ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അതില്‍ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ എന്ന് അറിയില്ല. അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 

മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജിവെയ്ക്കാമെന്ന നിര്‍ദേശം മാണിയേയും കേരള കോണ്‍ഗ്രസിനേയും സ്‌നേഹിക്കുന്നവര്‍ മുന്നോട്ട് വെച്ചപ്പോള്‍ ഔസേപ്പച്ചന്‍ (പി.ജെ.ജോസഫ്) ഇതിന് സമ്മതിക്കുമോ എന്നായിരുന്നു മാണിക്ക് സന്ദേഹം. സാര്‍ പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കുമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ പി ജെ ജോസഫ് രാജിവെച്ചില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു. 

കേരള കോണ്‍ഗ്രസ് പുറത്തിറക്കുന്ന ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു അധ്യായമാണ് പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com