തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി ; സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് ദേവസ്വം മന്ത്രി

കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയാണ് ആനയുടെ ആരോഗ്യസ്ഥിതിയും സ്വഭാവസവിശേഷതകളും വിലയിരുത്തിയശേഷം വിലക്കേര്‍പ്പെടുത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ഇടപെടാതെ ഹൈക്കോടതി. ആനയെ വിലക്കിക്കൊണ്ടുള്ള നാട്ടാന നിരീക്ഷക സമിതിയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ തീരുമാനം എടുക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. ഇതോടെ ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. 

കോടതി വിധി സ്വാഗതം ചെയ്യുന്നതായും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും കടകംപള്ളി പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്ന വിഷയം ചര്‍ച്ചയിലില്ല. പൂരത്തിന് ഈ ആനയെ എഴുന്നള്ളിപ്പിക്കുന്നില്ല. പൂരത്തിന് മുന്നോടിയായ ചടങ്ങിന് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. 

കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയാണ് ആനയുടെ ആരോഗ്യസ്ഥിതിയും സ്വഭാവസവിശേഷതകളും വിലയിരുത്തിയശേഷം വിലക്കേര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം അധികൃതരാണ്  ഹൈക്കോടതിയെ സമീപിച്ചത്. പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും, ഒരു കണ്ണിന് പൂര്‍ണമായും മറ്റേ കണ്ണിന് ഭാഗികമായും കാഴ്ച ഇല്ലാത്ത ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് നിരീക്ഷക സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍  നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിലപാട് സ്വീകരിച്ചതെന്നാണ് ദേവസ്വത്തിന്റെ വാദം. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാത്തതില്‍ പ്രതിഷേധിച്ച് ആന ഉടമകളുടെ സംഘടന രംഗത്തുവന്നിരുന്നു. ഈ തീരുമാനവുമായി മുന്നോട്ടുപോയാല്‍ ശനിയാഴ്ച മുതല്‍ ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനയെ വിട്ടുനല്‍കില്ലെന്നാണ് ആന ഉടമകള്‍ പറയുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതിനെ വനംമന്ത്രി കെ രാജുവും എതിര്‍ക്കുകയാണ്. ശബ്ദം കേട്ടാല്‍ വിരളുകയും നീരും ആരോഗ്യപ്രശ്‌നങ്ങളുമുള്ള ആനകളുടെ വിലക്ക് തുടരുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയും വ്യക്തമാക്കിയിട്ടുണ്ട്.

2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. കൂട്ടാനകളെ കുത്തുമെന്ന ആരോപണത്തെ തുടര്‍ന്ന് അന്ന് ഉദ്യോഗസ്ഥതലത്തില്‍ ആനയ്ക്ക് വിലക്കുവന്നിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടലിലൂടെയാണ് അതു മറികടന്നത്. തൃശ്ശൂര്‍ പൂരത്തിനെത്തിയതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകര്‍ വര്‍ധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com