പൊലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണം ; പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലേക്ക്

പോസ്റ്റല്‍ വോട്ടുക്രമക്കേടുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണം കാര്യക്ഷമമല്ല. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്
പൊലീസുകാരുടെ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണം ; പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. ചെന്നിത്തല നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വീണ്ടും വോട്ടു ചെയ്യാന്‍ അവസരം ഒരുക്കണം. മുഴുവന്‍ പൊലീസുകാരുടെയും വോട്ട് ആദ്യം മുതല്‍ രേഖപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. 

പോസ്റ്റല്‍ വോട്ടുക്രമക്കേടുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണം കാര്യക്ഷമമല്ല. ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. കേസന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുകയാണ്. വോട്ടെണ്ണാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. അതിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുവാന്‍ സാധ്യതയില്ല. അതിനാല്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെടും. 

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കി ആദ്യം മുതല്‍ വോട്ട് രേഖപ്പെടുത്തണം. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ ഈ മാസം 15 നകം റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ട് ചെയ്ത ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും വടക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നത്. ഇവര്‍ 20 ഓടെ മാത്രമേ നാട്ടില്‍ തിരിച്ചെത്താന്‍ ഇടയുള്ളൂ. ഇവരില്‍ നിന്നും മൊഴി എടുത്ത ശേഷം മാത്രം, അസോസിയേഷന്‍ ഇടപെട്ടോ, ആരൊക്കെ സ്വാധീനിച്ചു തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാകൂ. 

ഈ സാഹചര്യത്തില്‍ 15 നകം കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ലെന്നും രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി ഇന്റലിജന്‍സ് മേധാവി കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ഡിജിപിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ശരിവെച്ചു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com