മാപ്പര്‍ഹിക്കാത്ത കുറ്റം; കള്ളവോട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരവീഴ്ച; കര്‍ശനനടപടിയെന്ന് ടിക്കാറാം മീണ

കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി, എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്കെതിരെ നടപടി
മാപ്പര്‍ഹിക്കാത്ത കുറ്റം; കള്ളവോട്ടില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരവീഴ്ച; കര്‍ശനനടപടിയെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായി തെളിഞ്ഞെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ്് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയത്്. ധര്‍മ്മടത്ത് ഒരു കള്ളവോട്ടാണ് നടന്നതെന്ന് ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി, എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരെയും ക്രിമനല്‍ നടപടി സ്വീകരിക്കും.

ഉദ്യോഗസ്ഥര്‍ക്കെതിരെ അവരുടെ വകുപ്പുകള്‍ അച്ചടക്ക നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥി കെ. സുധാകരന്റേയും പോളിങ് ഏജന്റുമാരാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്കും റിട്ടേണിങ് ഓഫിസര്‍ക്കും പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി ചീഫ് ഇലക്ട്രല്‍ ഓഫിക്കര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി.

പോളിങ് സ്‌റ്റേഷനിലെ വിഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ.പി, എന്നിവര്‍ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുള്‍ സലാം, സാദിഖ് കെ.പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചത്. ഇവരെ വിളിച്ചു വരുത്തി തെളിവെടുത്തിരുന്നു. ഈ പോളിങ് സ്‌റ്റേഷനിലെ 1,249 വോട്ടുകളില്‍ 1,036 എണ്ണം പോള്‍ ചെയ്തിരുന്നു. കള്ളവോട്ടു നടക്കുന്ന വേളയില്‍ പോളിങ് ഏജന്റ് എതിര്‍പ്പറിയിച്ചെങ്കിലും പ്രിസൈഡിങ് ഓഫിസര്‍ ശക്തമായി ഇടപെടാന്‍ തയ്യാറായില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ല്‍ സയൂജ് എന്നയാളാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ പോളിങ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ പരിശോധന നടത്തിയത്. വിഡിയോ പരിശോധനയില്‍ ബൂത്ത് നമ്പര്‍ 47ലെ വോട്ടര്‍ ആയ സയൂജ് 52ല്‍ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാള്‍ 47ലും വോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന് സയൂജിനെ സഹായിച്ചതായി കരുതുന്ന മുഹമ്മദ് ഷാഫിയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു. ഇവിടത്തെ ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റുമാര്‍ എന്നിവരുടെ പങ്കും അന്വേഷിക്കുമെന്ന് മീണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com