'ശബരിമല കഴിഞ്ഞപ്പോള്‍ പൂരത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന് അവര്‍ ചിന്തിക്കുന്നു' ; ബിജെപിയെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍

തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ബിജെപി നേതാക്കളുടെ ആരോപണം മന്ത്രി തള്ളി
'ശബരിമല കഴിഞ്ഞപ്പോള്‍ പൂരത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന് അവര്‍ ചിന്തിക്കുന്നു' ; ബിജെപിയെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനം എടുക്കട്ടെ എന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട ആചാരത്തില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ളവരോട് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ഇന്നുതന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 

തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ബിജെപി നേതാക്കളുടെ ആരോപണം മന്ത്രി തള്ളി. അവര്‍ പൂരത്തിലും രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി നടത്തിയ ശ്രമങ്ങള്‍ കേരളം കണ്ടതാണ്. ശബരിമല കഴിഞ്ഞപ്പോള്‍ പൂരത്തില്‍ മുതലെടുപ്പ് നടത്താനാകുമോ എന്ന് അവര്‍ ചിന്തിക്കുന്നു. അവരുടെ വിമര്‍ശനങ്ങളെക്കുറിച്ച് എന്ത് പറയാനാണ്. കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

തൃശൂര്‍ പൂരത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പൂരത്തെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നെഗറ്റീവ് അഭിപ്രായം ഇല്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട പ്രത്യേകചടങ്ങില്‍ പങ്കെടുപ്പിക്കുന്നതില്‍ സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായമില്ല. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് തലേന്നുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്. മറ്റാനകളൊന്നും ഈ ചടങ്ങില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സുരക്ഷാപ്രശ്‌നങ്ങളും ആനയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മൃഗഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍ട്ടുകളും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതി പരിശോധിക്കും. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ കളക്ടര്‍ ഉചിതമായ തീരുമാനമെടുക്കും. ഇതിന് അര്‍ത്ഥം വിലക്ക് പൂര്‍ണമായും നീങ്ങുമെന്ന് പറയാനാകില്ലെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

നിരവധി ആളുകളെയും കൂട്ടാനകളെയും കൊന്ന ചരിത്രമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. റിസ്‌ക് മന്ത്രി ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. പൂരം തന്നെ റിസ്‌കല്ലേ.. വെടിക്കെട്ട് റിസ്‌കല്ലേ... എന്ന് മന്ത്രി ചോദിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് കൊണ്ടുവരുന്നതു സംബന്ധിച്ച് കളക്ടര്‍ അധ്യക്ഷയായ സമിതി തീരുമാനിക്കട്ടെ എന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. ഇക്കാര്യത്തില്‍  ശരിയായ നിരീക്ഷണമാണ് കോടതി നടത്തിയത്. ഈ നിലപാട് തന്നെയാണ് താന്‍ സ്വീകരിച്ചതെന്നും മന്ത്രി രാജു പ്രതികരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com