ആശുപത്രിയില്‍ കക്കൂസ് മാലിന്യം, ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവഗണന; ലൈവ് വിഡിയോയിലൂടെ പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍, പിടിച്ച് പുറത്താക്കി സൂപ്രണ്ട് 

അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ എത്തിയപ്പോഴാണ് മാലിന്യപ്രശ്‌നം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്
ആശുപത്രിയില്‍ കക്കൂസ് മാലിന്യം, ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവഗണന; ലൈവ് വിഡിയോയിലൂടെ പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍, പിടിച്ച് പുറത്താക്കി സൂപ്രണ്ട് 

പത്തനംതിട്ട:  സര്‍ക്കാര്‍ ആശുപത്രിയില്‍ കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്നതും ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ അവഗണനയോടെയുളള പ്രതികരണവും അടങ്ങിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മാലിന്യപ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ്ബുക്ക് ലൈവിലുടെ ആശുപത്രിയിലെ കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ എത്തിയപ്പോഴാണ് മാലിന്യപ്രശ്‌നം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ദുര്‍ഗന്ധം കാരണം മുറിയുടെ ജനാല തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ ഓഫിസറെ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവഗണനയായിരുന്നു ഫലം. ഇതോടെയാണ് ആശുപത്രിയിലെ മാലിന്യപ്രശ്‌നം ചൂണ്ടിക്കാണിച്ച് ഇവര്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്. 

'സാറെ.. ദേ ആ വാര്‍ഡിന് സമീപം മലിനജലവും മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. ദുര്‍ഗന്ധം കാരണം നില്‍ക്കാന്‍ വയ്യ. എത്ര രോഗികളാണ് സാറെ ഇതു സഹിച്ച് കിടക്കുന്നത്. മോര്‍ച്ചറിയും അവിടെയാണ്.' മാലിന്യപ്രശ്‌നത്തെ പറ്റി രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലെത്തി പറഞ്ഞ വാക്കുകളാണിത്. 

ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഈ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഉടന്‍ തന്നെ ഇവര്‍ ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലെത്തുകയായിരുന്നു. അപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ; 'ഞാന്‍ ഇവിടെ എത്തിയിട്ട് ആറുമാസം ആയതേയുള്ളൂ.. അന്നു മുതല്‍ ആ മാലിന്യങ്ങള്‍ അവിടെയുണ്ട്. കക്കൂസ് മാലിന്യമാണ് അവിടെ കെട്ടിനില്‍ക്കുന്നത്. ഇത് ഒരു ചതുപ്പ് പ്രദേശമാണ് അതുകൊണ്ടാണ് ഈ വെള്ളം താഴില്ല. ഇവിടുത്തെ പ്രധാനപ്രശ്‌നം ഇതാണ്. അല്ല ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാണ്. സെക്യൂരിറ്റി ഫോണ്‍ പിടിച്ച് വാങ്ങി പുറത്താക്ക് ഇവരെ..' സൂപ്രണ്ടിന്റെ നിര്‍ദേശം പാലിച്ച് ഇവരെ ഓഫിസില്‍ നിന്നും പുറത്താക്കുന്നതും വിഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com