കള്ളവോട്ടില്‍ വീണ്ടും കേസ് ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കള്ളവോട്ടില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

47-ാം ബൂത്തിലെ വോട്ടറായ സായൂജ് 52-ാം ബൂത്തിലും വോട്ടുചെയ്തു എന്നാണ് തെളിഞ്ഞത്
കള്ളവോട്ടില്‍ വീണ്ടും കേസ് ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കള്ളവോട്ടില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു


കണ്ണൂര്‍ : കണ്ണൂരിലെ കള്ളവോട്ടില്‍ ഒരാള്‍ക്കെതിരെ കൂടി കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ കള്ളവോട്ടിലാണ് സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തത്. സിപിഎമ്മുകാരനായ എ കെ സായൂജിന് എതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. 

ധര്‍മ്മടത്തെ കുന്നിരിക്ക യുപിഎസിലെ 52-ാം ബൂത്തില്‍ കള്ളവോട്ട് നടന്നെന്നാണ് കണ്ടെത്തിയത്. 47-ാം ബൂത്തിലെ വോട്ടറായ സായൂജ് 52-ാം ബൂത്തിലും വോട്ടുചെയ്തു എന്നാണ് തെളിഞ്ഞത്. ഇയാള്‍ക്കെതിരെ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 171സി,ഡി,എഫ് വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. 

കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലായി 10 പേര്‍ 13 കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയെന്നും, ഇവര്‍ക്കെതിരെയും കള്ളവോട്ടിന് കൂട്ടുനിന്ന മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും മീണ ആവശ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കള്ളവോട്ടുകേസുകള്‍ 17 ആയി. 

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളിലെ 166-ാം ബൂത്തില്‍ 9 പേര്‍ 12 വോട്ടുകള്‍ ചെയ്‌തെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാമ്പുരുത്തിയില്‍ ലീഗുകാരും ധര്‍മ്മടത്ത് സിപിഎമ്മുകാരനും കള്ളവോട്ട് ചെയ്‌തെന്നാണ് ആരോപണം. പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്ത 9 പേരില്‍ ആറുപേര്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com