തൃശൂര്‍ പൂര ലഹരിയിൽ ; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് ; കർശന നിയന്ത്രണം

സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി ന​ഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്
തൃശൂര്‍ പൂര ലഹരിയിൽ ; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് ; കർശന നിയന്ത്രണം

തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. നിയന്ത്രണങ്ങളോടെ ശബ്ദ തീവ്രത കുറച്ച് കാഴ്ച്ചയ്ക്ക് പ്രാധാന്യം നല്‍കിയാകും വെടിക്കെട്ട്. സ്‌ഫോടനത്തിന്റെ കാഠിന്യം കുറച്ച് ശബ്ദത്തിനും നിറത്തിനുമാകും വെടിക്കെട്ടിൽ പ്രാധാന്യം നൽകുക. വീര്യം കുറഞ്ഞ കരിമരുന്നാണ് ഉപയോഗിക്കുന്നത്. ഓലപ്പടക്കത്തിനുള്ള വിലക്ക് നീങ്ങിയതോടെ, ഗുണ്ടും അമിട്ടും കുഴിമിന്നലും ഓലപ്പടക്കവും ഉപയോഗിച്ചാണ് ആകാശപൂരം ഒരുക്കുക.

വൈകീട്ട് ഏഴിന് തിരുവമ്പാടി വിഭാഗമാണ് സാമ്പിളിന് ആദ്യം തിരി കൊളുത്തുക. തിരുവമ്പാടിയുടെ വെടിക്കെട്ടിന് ശേഷം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിക്കും. കൗതുകമേറുന്ന ഇനങ്ങളാണ് ഇരു ദേവസ്വങ്ങളും ഒരുക്കിയിരിക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി ന​ഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍  നിര്‍മ്മിച്ച മൂന്ന് അലങ്കാര പന്തലുകളിലെ ദീപാലങ്കാരങ്ങള്‍ വൈകീട്ട് സ്വിച്ച് ഓണ്‍ ചെയ്യും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാല്‍, നായ്ക്കനാല്‍ എന്നിവിടങ്ങളിലുമാണ് പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദര്‍ശനം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദര്‍ശനം നാളെ രാവിലെ 10 ന് കൗസ്തുഭം ഹാളിലും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com